പുതിയ മോഡല് കാറുകള് വിപണിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാറുകള്ക്കും അതിന്റേതായ പ്രത്യേകതയും ഉണ്ട്. മുന്പ് പല കാറുകളിലും നീളമുളള സ്റ്റിക്ആന്റിനകള് കണ്ടിരുന്നു.എന്നാല് ഇപ്പോള് ഈ ആന്റിനയുടെ സ്ഥാനത്ത് സ്രാവുകളുടെ വാല് പോലെ കാണുന്ന ഷാര്ക്ക് ഫിന് ആന്റിനകള് കാണാം. പലര്ക്കും ഇതിന്റെ ഉപയോഗം അറിയില്ല എന്നതാണ് വാസ്തവം. കാറിന്റെ ഡിസൈന് മെച്ചപ്പെടുത്താനാണിതെന്നാണ് ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നത്.
എന്നാല് ഇതൊന്നുമല്ല കാര്യം. റേഡിയോ സിഗ്നല് സ്വീകരിക്കുക, ജിപിഎസ് നാവിഗേഷന് നിയന്ത്രിക്കുക, കീ ലസ് എന്ട്രി നല്കുക, വൈ-ഫൈ ഹോട്ട് സ്പോട്ട് നല്കുക, ബ്ലൂടൂത്ത് കണക്ടിവിറ്റി നല്കുക എന്നിങ്ങനെ പല ഉപയോഗങ്ങളുണ്ട് ഇതിന്. ഇനി എങ്ങനെയാണ് ഇവയെയൊക്കെ ഈ ചെറിയ ആന്റിന നിയന്ത്രിക്കുന്നതെന്ന് അറിയാം.
കാഴ്ചയ്ക്ക് ചെറുതാണെങ്കിലും ആ ഫിന്നിനുള്ളില് റേഡിയോ, സാറ്റലൈറ്റ് സിഗ്നലുകള്, ജിപിഎസ്, സെല്ലുലാര് ഡാറ്റ മുതലായവ സ്വീകരിക്കുന്ന ഒന്നോ അതിലധികമോ ആന്റിനകളും ഇലക്ട്രോണിക് ബിറ്റുകളുമുണ്ട്. നീളമുള്ള സ്റ്റിക് ആന്റിനകളെ പോലെ എവിടെയെങ്കിലും തട്ടി ഒടിഞ്ഞുപോകാന് സാധ്യതയില്ല എന്നുളളതും, ഒന്നിലധികം സിഗ്നലുകള് കൈകാര്യം ചെയ്യുന്നതുകൊണ്ടും കൂടുതലും ഭംഗിയുള്ളതായി തോന്നുന്നതുകൊണ്ടും ഇവ ഉപകാരപ്രദമാണ്.
റേഡിയോ സിഗ്നലുകള് സ്വീകരിക്കുന്നതാണ് ആന്റിനകളുടെ പ്രധാന ഉപയോഗം. വഴികണ്ടെത്താന് സഹായിക്കുന്ന ജിപിഎസ് സംവിധാനങ്ങളെ സഹായിക്കുന്നതാണ് മറ്റൊരു ഉപയോഗം. ജിപിഎസ് ഉപഗ്രഹങ്ങളില്നിന്നുളള സിഗ്നലുകള് ആന്റിന സ്വീകരിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു പ്രധാനപ്പെട്ട ഉപയോഗം കീ ഇല്ലാതെ കാര് തുറക്കാനും കാര് സ്റ്റാര്ട്ട് ചെയ്യാനും സാധിക്കും എന്നതാണ്. അതായത് നിങ്ങളുടെ പോക്കറ്റില് കാറിന്റെ കീ ഉണ്ടെന്ന് വിചാരിക്കുക. ആന്റിന കാറിന്റെ കീയില്നിന്ന് ഒരു സിഗ്നല് സ്വീകരിക്കുന്നു.
Content Highlights :Do you know why there are antennas on top of cars?