ലഖ്നൗ: തമിഴ്നാട്ടിലെ തിരുപ്പരന്കുണ്ട്രം ദീപം വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലായിരുന്നെങ്കില്‍ സുപ്രീംകോടതി നിര്‍ദേശിച്ച ദീപത്തൂണില്‍ ദീപം തെളിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോരഖ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ 37-ാം സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി. തമിഴ്നാട് സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും രാഷ്ട്രീയ സംസ്കാരമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത്തേക്കാള്‍ വോട്ട് ബാങ്കിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും വിമര്‍ശിച്ചു.
അയോധ്യയിലെ ദീപോത്സവവുമായി താരതമ്യം ചെയ്ത യോഗി, അവിടെ 36 ലക്ഷത്തിലധികം മണ്‍വിളക്കുകള്‍ തെളിച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ മധുരയ്ക്ക് സമീപം സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും ദീപം തെളിക്കാന്‍ അനുവദിച്ചില്ലെന്നാണ് തമിഴ്നാട്ടിലെ സംഭവത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞത്. ബിജെപി ഭരിക്കുന്നിടത്ത് എല്ലാ വീടുകളിലും ദീപങ്ങള്‍ തെളിയുന്നുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
മധുരയിലെ തിരുപ്പരന്കുണ്ട്രം മലയില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണ്‍ സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. നവംബര്‍ 24ന് ഒറ്റത്തവണ ദീപം തെളിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നെങ്കിലും അന്ന് ദീപത്തൂണില്‍ ചടങ്ങ് നടന്നില്ല. ഇതോടെ വിഷയത്തില്‍ നിയമപരവും രാഷ്ട്രീയപരവുമായ തര്‍ക്കങ്ങള്‍ ശക്തമായി. പിന്നാലെ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെയാണ് ദീപത്തൂണില്‍ വിളക്ക് തെളിയിച്ചത്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന കലാപങ്ങളും അക്രമസംഭവങ്ങളും ചൂണ്ടിക്കാട്ടിയ യോഗി, ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയുമായി താരതമ്യം ചെയ്തു. വലിയ ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും യുപിയില്‍ ഇത്തരം പ്രശ്നങ്ങളില്ലെന്നും ബിജെപി ഭരണമാണ് അതിന് കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും സര്‍ക്കാരിന് വീണ്ടും അവസരങ്ങള്‍ നല്‍കണമെന്നും യോഗി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
Content Highlights: Uttar Pradesh Chief Minister Yogi Adityanath criticised the Tamil Nadu government over the Thiruparankundram Deepathoon controversy, claiming that if the BJP were in power in the state, nobody would have been able to prevent the lamp from being lit at the pillar as directed by the Supreme Court. Speaking at the 37th foundation day event of the Gorakhpur Industrial Development Authority, he accused the government of following the political approach of the Congress and Samajwadi Party and alleged that it prioritised vote-bank considerations over people's religious beliefs.