മണ്ഡല പുനര്‍നിര്‍ണയ ബില്ല്; ഡീ ലിമിറ്റേഷന്‍ കമ്മിറ്റിയില്‍ ഗ്യാനേഷ് കുമാര്‍ അധ്യക്ഷനാകില്ല

സിറ്റിംഗ് ജഡ്ജിയോ റിട്ടയേര്‍ഡ് ജഡ്ജിയോ ആകും ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാകുക

ഗ്യാനേഷ് കുമാർ

ന്യൂഡല്‍ഹി: നാളെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഡീ ലിമിറ്റേഷന്‍ കമ്മിറ്റിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അധ്യക്ഷനാകില്ല എന്നാതാണ് റിപ്പോര്‍ട്ട്. സിറ്റിംഗ് ജഡ്ജിയോ റിട്ടയേര്‍ഡ് ജഡ്ജിയോ ആകും ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാകുക. ചെയര്‍മാന്‍ അടക്കം 13 അംഗങ്ങളാണ് കമ്മിറ്റിയില്‍ ഉണ്ടാകുക. ഇതില്‍ അഞ്ച് എംപിമാരെ ലോക്സഭാ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യും. സംസ്ഥാനങ്ങളില്‍ അഞ്ച് എംഎല്‍എമാരെ സ്പീക്കര്‍മാരാകും നോമിനേറ്റ് ചെയ്യുക. ചീഫ് ഇലക്ഷന്‍ കമ്മിഷണറോ കമ്മീഷണര്‍മാരില്‍ ഒരാളോ സമിതിയില്‍ അംഗമാകുമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മിറ്റിയില്‍ അംഗമായിരിക്കും. ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുകയാണ് ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ ചുമതല.

ഡിലിമിറ്റേഷന്‍ കമ്മീഷനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് നിര്‍ദേശിക്കപ്പെടുന്ന പങ്കിനെതിരെ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും വിമര്‍ശനം ശക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തെ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ലോക്‌സഭാ മണ്ഡലങ്ങളുടെ ഭൂപടം തയ്യാറാക്കിയിട്ടുണ്ടെന്നും അത് നടപ്പാക്കാനുള്ള ചുമതല ഗ്യാനേഷ് കുമാറിന് നല്‍കാനാണ് നീക്കമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ലോക്‌സഭയിലെ അംഗസംഖ്യ നിലവിലെ 543ല്‍ നിന്ന് 850 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പാര്‍ട്ടിയെ എതിര്‍ക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനും ഉപയോഗിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സംസ്ഥാനങ്ങളിൽ ഇപ്പോൾ ഉള്ളതും (നീല) ഡീ ലിമിറ്റേഷന് ശേഷം ഉണ്ടാകാൽ (ചുവപ്പ്) പോകുന്നതുമായ സംസ്ഥാനങ്ങളിലെ സീറ്റ് നില

അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ ചൂണ്ടിക്കാട്ടിയ രാഹുല്‍, ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ അനുകൂലമായി മാറ്റാന്‍ ബിജെപിക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ആരോപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ബിജെപിയെ എതിര്‍ക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന രീതിയില്‍ മണ്ഡലങ്ങള്‍ രൂപീകരിക്കാനും കഴിയുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. സംസ്ഥാനങ്ങള്‍ക്കിടയിലെ ലോക്‌സഭാ സീറ്റുകളുടെ അനുപാതം സംരക്ഷിക്കുന്നതില്‍ മാത്രമല്ല, മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ നിയന്ത്രിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നതാണ് രാഹുലിന്റെ ആരോപണം.

നിര്‍ദിഷ്ട ഡിലിമിറ്റേഷന്‍ (രണ്ടാം) ബില്‍, 2026 പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറോ ഡിലിമിറ്റേഷന്‍ കമ്മീഷനില്‍ എക്‌സ് ഓഫീഷ്യോ അംഗമാകും. കമ്മീഷന്റെ രൂപീകരണത്തില്‍ സര്‍ക്കാരിന് വലിയ സ്വാധീനമുണ്ടാകുമെന്നാണ് രാഹുല്‍ ഗാന്ധി ഇതിനെതിരെ ഉയര്‍ത്തിയിരുന്ന വിമര്‍ശനം.

Content Highlights: Key details of the proposed delimitation bill have emerged ahead of the special Parliament session. The 13-member delimitation committee will reportedly be headed by a sitting or retired judge instead of the Chief Election Commissioner. The panel will include five MPs nominated by the Lok Sabha Speaker, five MLAs nominated by state Assembly Speakers, an Election Commissioner, the State Election Commissioner and the chairman. The committee will be responsible for redrawing Lok Sabha and Assembly constituency boundaries.

To advertise here,contact us