‘സ്റ്റാലിൻ എന്ന സവർക്കർ 2.0’; ആർഎസ്എസ് ബന്ധം ആരോപിച്ച് ഡിഎംകെയെ പരിഹസിച്ച് ടിവികെയുടെ പോസ്റ്റ്

‘ഇവർ പൂർണമായും സംഘികളായി മാറിയ നിമിഷം’ എന്ന പരിഹാസക്കുറിപ്പും പോസ്റ്റിലുണ്ടായിരുന്നു

എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും പരിഹസിച്ച് ടിവികെയുടെ പരിഹാസ പോസ്റ്റ്

ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ). ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ ആർഎസ്എസ് വേഷത്തിൽ ചിത്രീകരിച്ച മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചാണ് ടിവികെ പരിഹാസവുമായി രംഗത്തെത്തിയത്. ‘സ്റ്റാലിൻ എന്ന സവർക്കർ 2.0’ എന്ന കുറിപ്പോടെയാണ് ടിവികെയുടെ ഐടി വിഭാഗം ചിത്രം പങ്കുവെച്ചത്. മറ്റൊരു ആനിമേറ്റഡ് പോസ്റ്റിൽ എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ആർഎസ്എസ് അംഗങ്ങളായി പ്രതിജ്ഞ ചെയ്യുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. ‘ഇവർ പൂർണമായും സംഘികളായി മാറിയ നിമിഷം’ എന്ന പരിഹാസക്കുറിപ്പും പോസ്റ്റിലുണ്ടായിരുന്നു.

ஸ்டாலின் என்கிற சாவர்க்கர் 2.0 https://t.co/vzlZOY9I5B

കേന്ദ്രത്തിന്റെ പുതുക്കിയ മണ്ഡല പുനർനിർണയ ബില്ലിനെ പാർലമെന്റിൽ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതിന് പിന്നാലെയാണ് ടിവികെയുടെ വിമർശനം. എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന ഉറപ്പാക്കുന്നതാണ് പുതുക്കിയ ബില്ലെന്ന് ഡിഎംകെ ഉപാധ്യക്ഷനും എംപിയുമായ എ രാജ വിശദീകരിച്ചിരുന്നു. ലോക്‌സഭയിൽ 22 അംഗങ്ങളും രാജ്യസഭയിൽ എട്ട് അംഗങ്ങളുമാണ് ഡിഎംകെയ്ക്കുള്ളത്.

சனாதானம் அல்ல...Sonதானம்... https://t.co/1LmZeyHbie

മണ്ഡല പുനർനിർണയ വിഷയത്തിൽ തമിഴ്നാട് കഴിഞ്ഞ മൂന്ന് വർഷമായി നടത്തിവരുന്ന പോരാട്ടത്തിന്റെ വലിയ വിജയമാണിതെന്നായിരുന്നു പാർട്ടിയുടെ തീരുമാനത്തെ ന്യായീകരിച്ച് കൊണ്ടുള്ള എം കെ. സ്റ്റാലിൻ്റെ പ്രതികരണം. 2024ലെ നിയമസഭാ പ്രമേയത്തിൽ ഡിഎംകെ മുന്നോട്ടുവെച്ച രണ്ട് പ്രധാന ആവശ്യങ്ങൾ പുതിയ ബില്ലിൽ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുപാതികമല്ലാത്ത നേട്ടമുണ്ടാക്കുമെന്നായിരുന്നു ഡിഎംകെയുടെ വാദം.

എന്നാൽ പുതുക്കിയ നിർദേശത്തിൽ 1971ലെ സെൻസസ് കണക്കുകളാണ് ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിന് അടിസ്ഥാനമാക്കുന്നത്. ഇതിലൂടെ തമിഴ്നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പാർലമെന്റിലെ നിലവിലെ പ്രാതിനിധ്യ അനുപാതം നിലനിർത്താനും സാധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. അടുത്ത 25 വർഷത്തേക്ക് സംസ്ഥാനത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ ക്രമീകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ തിടുക്കത്തിൽ അവതരിപ്പിച്ചുവെന്ന് ആരോപിച്ച് മണ്ഡല പുനർനിർണയ ബില്ലിന്റെ പഴയ പതിപ്പിനെ ഡിഎംകെ എതിർക്കുകയും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: Vijay's Tamilaga Vettri Kazhagam (TVK) mocks the DMK with a social media post calling MK Stalin 'Savarkar 2.0' and alleging links between the party and the RSS amid the Centre's delimitation move.

To advertise here,contact us