കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന ആവശ്യവുമായി മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇളയ സഹോദരന് സ്വപന് ബാനര്‍ജി (ബാബുന് ബാനര്‍ജി). ഭീഷണിപ്പെടുത്തല്‍, രക്തദാന ക്യാമ്പ് തടസ്സപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം കാളിഘട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് 2024 മുതല്‍ ഭീഷണികളും ക്ലബ്ബുകള്‍ ബലമായി പിടിച്ചെടുക്കലും സര്‍ക്കാര്‍ ജോലി തടസപ്പെടുത്തലും നടക്കുന്നുണ്ടെന്ന് ബാബുന് ബാനര്‍ജി ആരോപിച്ചു. 'ഞാന്‍ ഏറെ സഹിച്ചു കഴിഞ്ഞു' എന്ന് മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം, താന്‍ ദീര്‍ഘകാലമായി വിവിധ ഭീഷണികള്‍ നേരിട്ടാണ് ജീവിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തടസ്സപ്പെടുത്തിയതാണ് പൊലീസിനെ സമീപിക്കാനുള്ള പ്രധാന കാരണമെന്ന് ബാബുന് ബാനര്‍ജി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിടുകയും അപമാനിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദരി മമതാ ബാനര്‍ജിയോട് കാര്യങ്ങള്‍ പറയാന്‍ തനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ലെന്നും പോലീസ് തന്നെ തടയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടയാന്‍ ക്രിമിനല്‍ ശക്തി ഉപയോഗിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ അപമാനിക്കല്‍ എന്നിവയ്ക്കൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടാക്കല്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ജുഡീഷ്യറിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന നടത്തല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളും പരാതിയില്‍ ഉള്‍പ്പെടുന്നു.
2024 മാര്‍ച്ചില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കുകയും ഹൗറയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ മമതാ ബാനര്‍ജി ബാബുനുമായുള്ള ബന്ധം പരസ്യമായി വിച്ഛേദിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് മേയ് മാസത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഈ കുടുംബ വഴക്കിന് രാഷ്ട്രീയ മാനവും കൈവന്നു.
മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ബാബുന് ബാനര്‍ജി നിരന്തരം പുകഴ്ത്തുകയും, തന്റെ പ്രദേശത്തെ ദുര്‍ഗാ പൂജ ഉദ്ഘാടനത്തിന് ക്ഷണിച്ച് അദ്ദേഹത്തിന്റെ പാദം തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ഇത് ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചെങ്കിലും, അദ്ദേഹം ഇതുവരെ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. അതേസമയം, ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അഭിഷേക് ബാനര്‍ജി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content highlight: Swapan Banerjee, popularly known as Babun Banerjee and the younger brother of former West Bengal Chief Minister Mamata Banerjee, has approached Kalighat Police Station demanding an FIR against Trinamool Congress MP and national general secretary Abhishek Banerjee. He has accused Abhishek of threatening him, disrupting a blood donation camp and obstructing government officials from performing their duties. Babun alleged that he had faced threats and attempts to take over clubs since 2024, adding that he had endured enough. The complaint also reportedly includes allegations of using criminal force against government employees, threatening officials and conspiring against constitutional institutions and the judiciary. The development comes amid a long-running family rift that became public in March 2024 over Lok Sabha candidate selection. Babun's praise for BJP Chief Minister Suvendu Adhikari has also fuelled speculation about his possible political shift, although he has not officially joined the BJP. Abhishek Banerjee has not yet responded to the allegations.