ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി 'മെഗാ പ്ലാന്‍'; അസംതൃപ്തരെ അനുനയിപ്പിക്കാന്‍ ബിജെപി

2022ലെ അസംബ്ലി തെരഞ്ഞെടുപ്പ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നിവയിലുണ്ടായ തിരിച്ചടിയില്‍ നിന്നുണ്ടായ പാഠമാണ് ബിജെപിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് നിഗമനം

UP BJP

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാന്‍ ബിജെപി. ദൗത്യത്തിനായി മുതിര്‍ന്ന 35 നേതാക്കന്മാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ചില നേതാക്കള്‍ക്ക് പത്തും മറ്റ് ചിലര്‍ക്ക് പതിനഞ്ച് മണ്ഡലങ്ങളുടെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്.

പ്രാദേശിക യൂണിറ്റ്, ബ്ലോക്ക്, നിയമസഭാ തലങ്ങളില്‍ മുതിര്‍ന്ന നേതാക്കളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും നേരിട്ടുള്ള ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. നേതാക്കളുടെ ആശങ്കകളും അഭിപ്രായങ്ങളും കേള്‍ക്കുന്നതിനായി ഏകദേശം രണ്ട് മണിക്കൂര്‍ വീതം സമയം നീക്കിവയ്ക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഓരോ മേഖലയിലെയും നേതാക്കളെ ചര്‍ച്ചകളിലേക്ക് ക്ഷണിക്കും. നേതാക്കള്‍ സംഘടനയ്ക്കുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, പരാതികള്‍ എന്നിവ പങ്കുവയ്ക്കാം. ഇവ കൃത്യമായി രേഖപ്പെടുത്തും. ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാം. നേതാക്കൾ ഉയര്‍ത്തുന്ന ആശങ്കകളും പ്രശ്‌നങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവർ സംസ്ഥാന തലത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള നേതാവിനാണ് കൈമാറുക.

പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തിയെ കുറിച്ചുള്ള തുറന്നുപറച്ചില്‍, മുന്‍കാലത്തെ പ്രമുഖ നേതാക്കളെയും പിരിഞ്ഞ് നില്‍ക്കുന്ന നേതാക്കളെയും തിരിച്ചെത്തിക്കുക, പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം ഒരുമിച്ച് നിര്‍ത്തുക എന്നിവയാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

2022ലെ അസംബ്ലി തെരഞ്ഞെടുപ്പ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നിവയിലുണ്ടായ തിരിച്ചടിയില്‍ നിന്നുണ്ടായ പാഠമാണ് ബിജെപിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് നിഗമനം. ഒരു പഴുതുകളും ഉണ്ടാകാതെ മുന്നോട്ട് പോകണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞമാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസംതൃപ്തരായ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. ബിജെപിയുടെ പ്രമുഖ നേതാക്കളായിരുന്ന രോഹിഖണ്ഡ്, ധര്‍മേന്ദ്ര കശ്യപ് എന്നിവര്‍ പാര്‍ട്ടിവിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപി അസംതൃപ്തരായ നേതാക്കളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നത്.

Content Highlights: Ahead of the Uttar Pradesh elections, the BJP is preparing a mega plan to persuade disgruntled leaders and address dissatisfaction within the party as part of its election preparations

To advertise here,contact us