ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് അധിക തീരുവ; പുതിയ നീക്കവുമായി ട്രംപ്

നേരത്തെ തന്നെ തീരുവ ചുമത്തിയിട്ടുള്ള സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ തുടങ്ങിയ ചില വ്യവസായ ഉല്‍പ്പന്നങ്ങളെ ഒഴിവാക്കിയേക്കും

trump

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കു മേല്‍ അധിക തീരുവ ചുമത്താന്‍ ഡോണള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര വ്യവസായ ഉല്‍പാദനത്തിന് സര്‍ക്കാര്‍ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിലൂടെ അമേരിക്കന്‍ കമ്പനികള്‍ തിരിച്ചടി നേരിടുന്നുവെന്നാണ് യുഎസിന്റെ ആരോപണം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചൈന, യൂറോപ്യന്‍ യൂണിയന്‍, മറ്റ് 14 രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വ്യവസായ സബ്‌സിഡികളെക്കുറിച്ച് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുവ വര്‍ധനയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

എന്തുകൊണ്ട് അമേരിക്ക തീരുവ വര്‍ധനവിലേക്ക് പോകുന്നു?

സര്‍ക്കാര്‍ സബ്‌സിഡികളും മറ്റ് പിന്തുണകളും ഉയര്‍ന്നതോടെ മറ്റ് രാജ്യങ്ങളില്‍ വ്യവസായ ഉല്‍പാദന ശേഷി സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ ഉല്‍പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തുന്നത് എളുപ്പമാവുകയും അത് അമേരിക്കന്‍ ഉത്പാദകരെ ബാധിക്കുകയും ചെയ്തുവെന്നാണ് അമേരിക്കയുടെ വാദം.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പുതിയ തീരുവയുടെ പരിധിയില്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ബാധകമായേക്കും. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ നേരത്തെ തന്നെ തീരുവ ചുമത്തിയിട്ടുള്ള സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ തുടങ്ങിയ ചില വ്യവസായ ഉല്‍പ്പന്നങ്ങളെ ഒഴിവാക്കിയേക്കും.

കയറ്റുമതി കപ്പൽ

ഇന്ത്യയ്ക്ക് ഉയര്‍ന്ന തീരുവയ്ക്ക് സാധ്യത

പുതിയ തീരുവയുടെ കൃത്യമായ നിരക്കുകള്‍ അമേരിക്ക് തീരുമാനിച്ചിട്ടില്ല. ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപാര കരാറുകളില്‍ എത്തിയതിനാല്‍ ഇവയ്ക്ക് 15 ശതമാനമോ അതില്‍ താഴെയോ തീരുവ നേരിടേണ്ടിവരുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ ബാധകമായേക്കും.

ഇന്ത്യയും അമേരിക്കയും വ്യാപാര കരാര്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ചൈനയ്ക്ക് മറ്റ് പല രാജ്യങ്ങളേക്കാളും ഉയര്‍ന്ന തീരുവ നേരിടേണ്ടി വരുമെന്നാണ് സൂചന.

Content Highlights: The Trump administration is planning higher tariffs on India, China and several other countries over alleged industrial subsidies, potentially impacting global trade and India-US trade negotiations

To advertise here,contact us