ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സിജെപിയെ ഇപ്പോഴും ഭയക്കുന്നുവെന്ന് സിജെപി നേതാവ് സൗരവ് ദാസ്. വിദേശത്ത് സിജെപി മുന്നേറ്റം അവതരിപ്പിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും തന്നെ എയര്‍പോര്‍ട്ടില്‍ തടഞ്ഞത് ഭയം കാരണമെന്നും എന്തൊക്കെ ചെയ്താലും യുവാക്കളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും സൗരവ് ദാസ് പറഞ്ഞു.
സിജെപി നേതാക്കള്‍ക്ക് എതിരെ ഒന്നും കണ്ടെത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നീരവ് മോദിക്കും വിജയ് മില്യക്കും രാജ്യം വിടാന്‍ അവസരം നല്കിയവരാണ് സിജെപിയെ തടയുന്നത്. കേന്ദ്രമന്ത്രിമാരെ ആരെയും വിദേശ സര്‍വ്വകലാശാലയിലേക്ക് വിളിക്കുന്നില്ല. യുവാക്കളെ വിദേശത്തേക്ക് പോകാന്‍ ഇവര്‍ അനുവദിക്കുന്നുമില്ല. രാജ്യത്തിന് മുഴുവന്‍ സമയ വിദ്യാഭ്യാസ മന്ത്രി ഇല്ല, അധിക ചുമതലയായാണ് പ്രല്‍ഹാദ് ജോഷിക്ക് വകുപ്പ് നല്‍കിയിരിയിരിക്കുന്നത്.
വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പാണ് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. ജനനതീയതി സംബന്ധിച്ച് അവ്യക്ത ഉണ്ടെന്നാണ് ഇമെയിലൂടെ അറിയിച്ചത്. മറുപടി നല്കുന്നതില് തനിക്ക് ഒരു പ്രയാസവും ഇല്ല. എന്നാല്‍ ബോധപൂര്‍വ്വം ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് ശ്രമം. തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണ്.സൗരവ് ദാസ് പറഞ്ഞു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി സിജെപി നേതാവ് അഭിജീത് ദീപ്കെയും രംഗത്തെത്തി. 2019ല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് സൗരവ് ദാസിന് പാസ്പോര്‍ട്ട് അനുവദിച്ചത്. സിജെപി രൂപീകരിക്കുന്നതിന് മുന്‍പ് ഇതേ പാസ്പോര്‍ട്ട് ഉപയോഗിച്ച് അദ്ദേഹം രണ്ടുതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. അന്നൊന്നും പാസ്പോര്ട്ടില് അപാകത കണ്ടെത്തിയില്ല. ഇപ്പോള്‍ മാത്രമാണ് അവര്‍ പിഴവ് കണ്ടെത്തിയതെന്നും അഭിജീത് ദീപ്കെ ആരോപിച്ചു.
യുവജന പ്രക്ഷോഭങ്ങളെ കുറിച്ച് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വകലാശായില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സൗരവ് ദാസ് ഇന്നലെ ലണ്ടനിലേക്ക് യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പാസ്പോര്‍ട്ടിലെ ജനനതീയതി സംബന്ധിച്ച് അവ്യക്ത ഉണ്ടെന്ന് കാണിച്ച് യാത്ര മുടക്കുകയായിരുന്നു. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനയ്ക്ക് തുടര്‍ച്ചയായാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
Content Highlights: CJP leader Saurav Das accuses the Modi government of attempting to silence young voices after he was stopped at Delhi airport from travelling to London for a lecture at Oxford University