കേരളത്തിലെ താല്‍ക്കാലിക വനപാലകർക്ക് ഇൻഷുറൻസ് പരിരക്ഷ; പ്രഖ്യാപനവുമായി വില്യം രാജകുമാരൻ

വാച്ചര്‍മാര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ കാടുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് ബ്രിട്ടനിലെ വില്യം രാജകുമാരന്‍. വില്യമിന്റെ റോയല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള യുണൈറ്റഡ് ഫോര്‍ വൈല്‍ഡ്‌ലൈഫിന്റെ നേതൃത്വത്തിലാണ് കാടിന്റെ സംരക്ഷകര്‍ക്കു പിന്തുണ നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നത്.

കാടുകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്ന വാച്ചര്‍മാര്‍ ജീവന്‍ പണയപ്പെടുത്തിയാണു ജോലി ചെയ്യുന്നതെന്നും ഈ സാഹചര്യത്തിലാണ് അവര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.

കേരളം, കര്‍ണാടക, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 10,000 പേര്‍ക്കാണ് സംരക്ഷണം ലഭിക്കുക. ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കപ്പെടുന്ന വനസംരക്ഷകര്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഇടപെടല്‍.

ജോലിക്കിടെ ഗുരുതര പരുക്കോ മരണമോ സംഭവിച്ചാല്‍ ഇവര്‍ക്കും കുടുംബത്തിനും പരിരക്ഷ ലഭിക്കുന്ന വിധത്തിലാണ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുക. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നവരെയും സ്ഥിരം ജീവനക്കാരെയും ഒഴിവാക്കും. അടുത്ത മാസം ആരംഭിക്കുന്ന പദ്ധതി 5 വര്‍ഷത്തേക്കാണു പ്രഖ്യാപിച്ചിരിക്കുന്നത്. 3 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വില്യം രാജകുമാരന്‍ വിവിധ വനസംരക്ഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: Prince William announces insurance coverage for 10,000 temporary forest watchers across seven Indian states, including Kerala, providing financial protection for workers and their families in case of serious injuries or death on duty

To advertise here,contact us