'ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ'; ഗുജറാത്തില്‍ വ്യാപാരിക്ക് 40 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കി തട്ടിപ്പ്

സംഭവത്തില്‍ രണ്ട് പേരെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്‌നൗ: 'ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ വ്യാജനോട്ടുകള്‍ നല്‍കി ഗുജറാത്തിലെ വ്യാപാരിയെ 40 ലക്ഷം രൂപയുടെ ഇടപാടില്‍ പറ്റിച്ചതായി പരാതി. അഞ്ച് ലക്ഷം രൂപ വീതമുള്ള എട്ട് കെട്ടുകളായാണ് പണം കൈമാറിയത്. സംഭവത്തില്‍ രണ്ട് പേരെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 1,666 വ്യാജനോട്ടുകള്‍ പിടിച്ചെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി സ്വദേശിയായ രാഹുല്‍ സിങ് താക്കൂര്‍ (23), രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ മല്‍ചന്ദ് ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരന്റെ കുടുംബത്തിന്റെ സഹായത്തോടെ പൊലീസ് നടത്തിയ നീക്കത്തിനൊടുവില്‍ വ്യാഴാഴ്ച അഹമ്മദാബാദിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഉന്‍ജയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന രോഹിത് കുമാര്‍ പട്ടേലിന് നാഗ്പൂരിലുള്ള വ്യാപാര പങ്കാളിയില്‍ നിന്ന് 40 ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നു. ഓണ്‍ലൈന്‍ അംഗഡിയ സംവിധാനം വഴിയാണ് പണം കൈമാറാന്‍ തീരുമാനിച്ചത്.

അംഗഡിയ എന്നത് പണം കൈമാറുന്നതിനുള്ള പരമ്പരാഗത കൊറിയര്‍ സംവിധാനമാണ്. എന്നാല്‍ പണം സ്വീകരിച്ചവര്‍ക്ക് ലഭിച്ചത് വ്യാജനോട്ടുകള്‍ അടങ്ങിയ എട്ട് കെട്ടുകളായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പ്രതികളെ കണ്ടെത്താന്‍ കുടുംബം അഹമ്മദാബാദില്‍ മറ്റൊരു പണം കൈമാറ്റത്തിന് ക്രമീകരണം നടത്തി. പരാതിക്കാരന്റെ പിതാവ് നരേന്ദ്ര പട്ടേലിനെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ട് പണം എത്തിയതായി അറിയിച്ചതിനെ തുടര്‍ന്ന് ഘട്‌ലോഡിയ പൊലീസ് പാരസ്‌നഗര്‍ പെട്രോള്‍ പമ്പിന് സമീപം കെണിയൊരുക്കി. ബാഗുകളുമായി എത്തിയ താക്കൂറും ശര്‍മയും നോട്ടുകെട്ടുകള്‍ കാണിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. താക്കൂര്‍ കൊണ്ടുവന്ന ബാഗില്‍ നിന്ന് 1,666 വ്യാജനോട്ടുകള്‍ അടങ്ങിയ 17 കെട്ടുകള്‍ പൊലീസ് കണ്ടെത്തി. 500 രൂപയുടെ നോട്ടുകള്‍ക്ക് പകരമുള്ള ഇവയില്‍ 'Children Bank of India', 'Bharatiya Manoranjan Bank', 'Five Hundred Coupon' എന്നിങ്ങനെ രേഖപ്പെടുത്തിയിരുന്നു. യഥാര്‍ഥ നോട്ടുകളാണെന്ന് തോന്നിപ്പിക്കാന്‍ ഐസിഐസിഐ ബാങ്കിന്റെ ലേബലിന് സമാനമായ അടയാളങ്ങളും കെട്ടുകളില്‍ പതിച്ചിരുന്നു. ഘട്‌ലോഡിയ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചോദ്യം ചെയ്യലില്‍ മല്‍ചന്ദ് ശര്‍മയുടെ സഹോദരനായ നോയിഡ സ്വദേശി ഗജാനന്‍ ശര്‍മയാണ് ധന്‍രാജ് എന്നയാളെ പരിചയപ്പെടുത്തിയതെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വരുണെന്നയാളുടെ കൈയില്‍ നിന്ന് നോട്ടുകെട്ടുകള്‍ വാങ്ങി അഹമ്മദാബാദില്‍ നരേന്ദ്ര പട്ടേലിന് കൈമാറാനാണ് ധന്‍രാജ് നിര്‍ദേശിച്ചതെന്നാണ് വിവരം. ഈ ജോലിക്കായി ഇരുവര്‍ക്കും 5,000 രൂപ വീതം വാഗ്ദാനം ചെയ്തിരുന്നു. രാഹുല്‍ താക്കൂര്‍, മല്‍ചന്ദ് ശര്‍മ, ഗജാനന്‍ ശര്‍മ, ധന്‍രാജ്, വരുണ്‍ എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഘത്തിലെ കൂടുതല്‍ പേരെയും തട്ടിപ്പിന്റെ വ്യാപ്തിയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Content Highlights: A Gujarat trader has allegedly been cheated of Rs 40 lakh through fake currency notes marked “Children's Bank of India.” Ahmedabad police arrested Rahul Singh Thakur, 23, from Delhi and Malchand Sharma, 30, from Bikaner, Rajasthan, and reportedly recovered 1,666 counterfeit notes. The suspects were caught near a petrol pump in Ahmedabad on Thursday following a police operation aided by the complainant's family. The transaction involved eight bundles of Rs 5 lakh each arranged through an online marketplace system.

To advertise here,contact us