ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമം നടത്തിയ ഹരിയാന സ്വദേശി പിടിയിലായി. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ടെര്‍മിനല്‍ 3 യിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലായിരുന്നു സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാളെ പിടികൂടി. വിശദമായി ചോദ്യം ചെയ്യാന്‍ ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി.
അതീവ സുരക്ഷയുള്ള പ്രദേശമാണ് ഡല്‍ഹി വിമാനത്താവളം. കൃത്യമായ യാത്രാ രേഖകള്‍ കാണിച്ചെങ്കില്‍ മാത്രമേ യാത്രക്കാര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാനാകൂ. ഈ സാഹചര്യത്തിലാണ് ഹരിയാന സോനിപത്ത് സ്വദേശിയായ യുവാവ് യാത്രക്കാരനെന്ന് വ്യാജേന അവിടെയെത്തുന്നത്. ഇയാള്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇത് തടയുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. ഇയാളുടെ കയ്യില്‍ മറ്റ് ആയുധങ്ങളൊന്നും ഇല്ലാത്തതിനാല്‍ കൈകള്‍ രണ്ടും ചുരുട്ടിപിടിക്കുന്നതും കാണാം. എന്നാല്‍ ഇയാള്‍ എന്തിനാണ് വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാന്‍ ശ്രമിച്ചതെന്നത് വ്യക്തമായിട്ടില്ല.
യുവാവിന് ഏതെങ്കിലും തരത്തില്‍ ഭീകരവാദബന്ധം ഉണ്ടോയെന്ന് അന്വേഷിക്കുന്നതിനായി ഇയാളെ പൊലീസിന് കൈമാറി. ഇയാളുടെ ബാഗില്‍ നിന്ന് ചില തിരിച്ചറിയല്‍ രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി അന്വേഷണം നടന്നുവരികയാണ്.
Content Highlights: CISF personnel detain a Haryana man for allegedly attempting to enter Delhi airport without valid travel documents. Police are investigating his motives and possible terror links