വാഹന ഇൻഷുറൻസ് ഇല്ലാതെ ടോൾ പ്ലാസ കടന്നാൽ പണി കിട്ടും; പുതിയ സംവിധാനവുമായി ദേശീയപാത അതോറിറ്റി

പദ്ധതി വിജയിച്ചാല്‍ രാജ്യത്തെ മറ്റ് ടോള്‍ പ്ലാസകളിലേക്കും വ്യാപിപ്പിക്കാനാണ് എന്‍എച്ച്എഐയുടെ ആലോചന

ന്യൂഡല്‍ഹി: വാഹന ഇന്‍ഷുറന്‍സ് ഇല്ലാതെ ടോള്‍ പ്ലാസ കടന്നാല്‍ ഇനി പണി കിട്ടും. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനങ്ങളെ കണ്ടെത്തി ഉടമകള്‍ക്ക് എസ്എംഎസ് വഴി മുന്നറിയിപ്പ് നല്‍കുന്ന പദ്ധതി ആരംഭിക്കുകയാണ് ദേശീയപാത അതോറിറ്റിയായ എന്‍എച്ച്എഐ. ഡല്‍ഹിയിലെ അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ് രണ്ടിലെ മുണ്ട്ക ടോള്‍ പ്ലാസയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയിച്ചാല്‍ രാജ്യത്തെ മറ്റ് ടോള്‍ പ്ലാസകളിലേക്കും വ്യാപിപ്പിക്കാനാണ് എന്‍എച്ച്എഐയുടെ ആലോചന.

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ പരിപാലിക്കുന്ന വാഹന്‍ ഡാറ്റാബേസിലെ ഇന്‍ഷുറന്‍സ് രേഖകളുമായി ഒത്തുനോക്കിയാണ് പരിശോധന നടത്തുക. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനം ടോള്‍ പ്ലാസ കടന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉടമയ്ക്ക് എസ്എംഎസ് ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ടോള്‍ പ്ലാസ കടന്ന തീയതിയും സമയവും, ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ച തീയതി എന്നിവ സന്ദേശത്തിലുണ്ടാകും. ഇന്‍ഷുറന്‍സ് പുതുക്കണമെന്നും മുന്നറിയിപ്പ് നല്‍കും.

മോട്ടോര്‍ വാഹന നിയമപ്രകാരം പൊതുനിരത്തുകളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴയും നിയമനടപടികളും നേരിടേണ്ടിവരും. ആദ്യ തവണ ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ യാത്ര ചെയ്താല്‍ വാഹനത്തിന്റെ ബേസിക് പ്രീമിയത്തിന്റെ മൂന്നിരട്ടിയോ 5,000 രൂപയോ, ഇതില്‍ ഉയര്‍ന്ന തുകയോ പിഴയായി ഈടാക്കും. ആവര്‍ത്തിച്ചാല്‍ അടിസ്ഥാന പ്രീമിയത്തിന്റെ അഞ്ചിരട്ടിയോ 10,000 രൂപയോ ആണ് പിഴ.

ആദ്യഘട്ടത്തില്‍ ഒരു ടോള്‍ പ്ലാസയില്‍ മാത്രമാണ് പരീക്ഷണം നടത്തുന്നത്. രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് എന്‍എച്ച്എഐ പദ്ധതിയിടുന്നത്. പരീക്ഷണത്തിന്റെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.

Content Highlights: NHAI launches a pilot project at Delhi's Mundka toll plaza to detect vehicles with expired insurance and alert owners through SMS. The system may be expanded nationwide, with penalties applicable for driving without valid third-party insurance

To advertise here,contact us