ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ചാവ്രി ബസാറിലാണ് അപകടം. നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് സംശയം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ 9.50ഓടെയാണ് അപകടമുണ്ടായത്. ചാവ്രി ബസാര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിതാരയിലാണ് കെട്ടിടം തകര്‍ന്നുവീണത്. സംഭവത്തെ തുടര്‍ന്ന് ആറ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. വാട്ടര്‍ ടെന്‍ഡറുകളും രക്ഷാപ്രവര്‍ത്തന വാഹനങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സ്ഥലത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നോ കെട്ടിടം തകരാനുണ്ടായ കാരണമെന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍ ആരും താമസിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടസമയത്ത് തൊഴിലാളികള്‍ മാത്രമാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ഉടമ കുടുംബത്തോടൊപ്പം മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

ഡല്‍ഹിയിലെ സത്യ നികേതനില്‍ പേയിങ് ഗസ്റ്റ് താമസസൗകര്യമായിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിച്ച് രണ്ട് മാസത്തോളം പിന്നിടുമ്പോഴാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ആറിനായിരുന്നു സത്യ നികേതനിലെ അപകടം.

Content Highlights: Two people were killed after a three-storey under-construction building collapsed in Delhi's Chawri Bazaar. Several others are feared trapped under the debris as rescue operations continue

To advertise here,contact us