സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം: നിയമപരമായ പരിരക്ഷ എടുത്ത് കളയാന്‍ നീക്കം

ഐടി ആക്ടിലെ 79-ാം വകുപ്പിലെ മാറ്റങ്ങളാണ് പരിഗണനയില്‍ ഉള്ളത്

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ എടുത്തു കളയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഐടി ആക്ടിലെ 79-ാം വകുപ്പിലെ മാറ്റങ്ങളാണ് പരിഗണനയില്‍ ഉള്ളത്. 79-ാം വകുപ്പ് പ്രകാരം ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികള്‍ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ല. ഉള്ളടക്കങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് മാറ്റങ്ങള്‍ പരിഗണിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനികളില്‍ പലതിന്റെയും ബിസിനസ്സ് മാതൃകകളില്‍ ഈ സംരക്ഷണം നിര്‍ണായക ഘടകമാണ്. വിവരങ്ങള്‍ കൈമാറുകയോ എത്തിക്കുകയോ ചെയ്യുന്ന സേവനങ്ങള്‍ക്ക് (ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ (ISPs), ടെലികോം സേവന ദാതാക്കള്‍ (TSPs), പിയര്‍-ടു-പിയര്‍ മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍) മാത്രമായി ഈ സംരക്ഷണം പരിമിതപ്പെടുത്താമോ എന്നാണ് സര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ വിവരങ്ങള്‍ കൈമാറുന്ന കേവല മാധ്യമങ്ങളായി (passive carriers) ഇനി കണക്കാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉള്ളടക്കത്തെ ക്രമീകരിക്കാനും (rank), ശുപാര്‍ശ ചെയ്യാനും, പ്രചരിപ്പിക്കാനും സങ്കീര്‍ണ്ണമായ അല്‍ഗോരിതങ്ങള്‍ ഇവ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ഇന്ത്യന്‍ നിയമങ്ങളുമായി എല്ലായ്‌പ്പോഴും പൊരുത്തപ്പെടാത്ത സ്വന്തം 'കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' (community guidelines) അനുസരിച്ച് പോസ്റ്റുകളെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്കത്തിന്മേല്‍ എഡിറ്റോറിയല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിനാല്‍ തന്നെ ഉള്ളടക്കങ്ങളില്‍ കൃത്യമായ ഉത്തരവാദിത്തം പ്ലാറ്റഫോമുകള്‍ക്ക് ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു നീക്കം കേന്ദ്രം നടത്തിയാല്‍ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നെന്നപോലെ സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരാനാണ് സാധ്യത. നിലവില്‍ നിയമപരമായി ആവശ്യപ്പെട്ടാല്‍ മെറ്റ അടക്കം സര്‍ക്കാര്‍ നിലപാടിന്‍ അനുസരിച്ച് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാറുണ്ട്. ഡല്‍ഹി സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വ്യപകമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങല്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് തന്നെ സ്വയം ഉള്ളടക്കങ്ങളില്‍ ഉത്തരവാദിത്തം കൊണ്ടുവന്നാല്‍ കമ്പനിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് അവര്‍ അനുമതി നല്‍കാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോ ക്യാമ്പയിനുകളോ സോഷ്യല്‍ മീഡിയ കമ്പനികള്‍ തന്നെ സ്വയം നിയന്ത്രിച്ചേക്കാം എന്ന സ്ഥിതി ഉണ്ടാകുമെന്നാണ് ഉയരുന്ന വിമര്‍ശനം.

Content Highlights: The Central Government is considering changes to Section 79 of the Information Technology Act that could remove the legal protection currently enjoyed by social media platforms. Under the existing provision, companies are generally protected from direct legal liability for content posted by users, subject to certain conditions. The proposed changes could make platforms directly accountable for user-generated content and allow legal action against companies over such posts.

To advertise here,contact us