ചണ്ഡിഗഢ്: മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി (എഎപി)ക്കെതിരെ പരിഹാസവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പർഗത് സിംഗ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദുര്‍ബലമാകുന്നതിന്റെ പ്രകടമായ സൂചനയാണെന്നും പർഗത് സിംഗ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ബിജെപിയ്ക്ക് വഴിയൊരുക്കുകയാണെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു പഞ്ചാബ് പിസിസി അധ്യക്ഷന്‍.
'ഇത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അവര്‍ ബിജെപിക്ക് വഴിയൊരുക്കുകയാണ്. ഇഡി റെയ്ഡുകളും സിബിഐ റെയ്ഡുകളും കാണിച്ച് ഇവര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എന്റെ നേതാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ധീരമായി പോരാടുക. ഇത് ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള വെറും തന്ത്രം മാത്രമാണ്,' സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച എംഎല്‍എമാരായ ഹര്‍മീത് സിംഗ് പത്താന്‍മജ്ര, മുന്‍ ആരോഗ്യമന്ത്രി ചേതന്‍ സിംഗ് ജൗരമജ്ര, കുന്‍വാര്‍ വിജയ് പ്രതാപ് സിംഗ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നേതാക്കളുടെ കൂടുമാറ്റം എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഹര്‍മീത് സിംഗിനെയും ചേതന്‍ സിംഗിനെയും ആം ആദ്മി പാര്‍ട്ടി നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷനെ തുടര്‍ന്ന് രണ്ട് നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇരുവരുടെയും നിയമസഭാ അംഗത്വം റദ്ദാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കുമെന്ന് എഎപി അറിയിച്ചു.
തിങ്കളാഴ്ച പഞ്ചാബ് നിയമസഭ സ്പീക്കര്‍ കുന്‍വര്‍ വിജയ് പ്രതാപ് സിംഗ്, ഹര്‍മീത് സിംഗ് എന്നിവരുടെ രാജി സ്വീകരിച്ച് അവരുടെ നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെ രൂക്ഷവിമര്ശനമുയര്ത്തിക്കൊണ്ടാണ് കുന്‍വാര്‍ വിജയ് പ്രതാവ് പാര്‍ട്ടി വിട്ടത്. അധികാരത്തിന്റെ ഇടനാഴിയില്‍ ഗുണ്ടകള്‍ ആധിപത്യം സ്ഥാപിക്കുകയാണെന്നും സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും കുന്‍വാര്‍ വിജയ് കുറ്റപ്പെടുത്തി. പഞ്ചാബ് അതിന്റെ സ്വത്വത്തിന് വേണ്ടി പോരാടുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം വിമര്‍ശിച്ചു.
ഇതൊരു തുടക്കം മാത്രമെന്നാണ് എംഎല്‍എമാരുടെ പാര്‍ട്ടി പ്രവേശനത്തെക്കുറിച്ച് ബിജെപി വക്താവ് ജയ്വീര് ഷെര്‍ഗില്‍ പ്രതികരിച്ചത്. 'വലിയ പിളര്‍പ്പിലേക്കുള്ള ചെറിയ തുടക്കമാണിത്. പിക്ചര്‍ അഭി ബാക്കി ഹേ', എന്നായിരുന്നു പ്രതികരണം.
Content highlight: Punjab Congress chief Pargat Singh mocks AAP after three MLAs join BJP