ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വളരെ മുമ്പുതന്നെ ജാമ്യം അനുവദിക്കേണ്ടതായിരുന്നു: ജസ്റ്റിസ് സുധാംഷു ധൂലിയ

സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തുന്നതുവരെ ഇന്ത്യയിലെ ഭൂരിഭാഗം പേർക്കും ഭരണഘടനയുടെ മൂന്നാം ഭാഗം നൽകുന്ന അവകാശങ്ങൾ യഥാർഥത്തിൽ അനുഭവിക്കാനാകില്ലെന്നത് ശരിയാണ്'

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ വിചാരണത്തടവുകാരായി ആറുവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വളരെ മുമ്പുതന്നെ ജാമ്യം അനുവദിക്കേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാംഷു ധൂലിയ. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യൻ ഭരണഘടനയിലെ നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മൂന്നാമത് സർ സയ്യിദ് പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സദസ്സിൽനിന്നുയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരുമ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി വിധികൾ പുറപ്പെടുവിച്ചുവെന്ന ആരോപണമുയർന്ന ചില മുൻ ജഡ്ജിമാർക്ക് രാജ്യസഭാംഗത്വവും ഗവർണർ പദവിയും ലഭിച്ചതെങ്ങനെയെന്നായിരുന്നു സദസ്സിലെ ഒരാളുടെ ചോദ്യം. ഇത്തരം സാഹചര്യങ്ങളിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എങ്ങനെയാണ് ഉറപ്പാക്കാനാവുകയെന്നും ചോദ്യം ഉയർന്നു. വിരമിച്ച ജഡ്ജിമാർക്ക് പദവികൾ നൽകുന്നത് പുതിയ കാര്യമല്ല എന്നായിരുന്നു ഇതിനോടുള്ള സുധാംഷു ധൂലിയയുടെ പ്രതികരണം. ഇതിന്റെ ഉത്തരവാദിത്തം ഒരു സർക്കാരിൽ മാത്രം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. 'കോൺഗ്രസ് ഭരണകാലത്തും ജനതാ പാർട്ടിയുടെ കാലത്തും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവർ തങ്ങളുമായി അടുപ്പമുള്ളവരെ ഗവർണർമാരടക്കമുള്ള പദവികളിൽ നിയമിക്കുന്ന രീതി വിവിധ സർക്കാരുകളുടെ കാലത്തും ഉണ്ടായിട്ടുണ്ട്. അതിനാൽ ഒരു സർക്കാരിനെ മാത്രം ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാകില്ലെന്നും മുൻകാലങ്ങളിൽ ഇത്തരം നിയമനങ്ങൾ കൂടുതൽ വ്യാപകമായിരുന്നിരി'ക്കാമെന്നും അദ്ദേഹം പറഞ്ഞു.എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഷർജീൽ ഇമാമിനും ഉമർ ഖാലിദിനും ജാമ്യം ലഭിക്കേണ്ടതാണ്. ഇപ്പോഴല്ല, വളരെ മുമ്പുതന്നെ അവർക്ക് ജാമ്യം അനുവദിക്കേണ്ടതായിരുന്നു. എന്നായിരുന്നു ഇവരുമായി ബന്ധപ്പെട്ട് സുധാംഷു ധൂലിയയുടെ പ്രതികരണം.

സമൂഹത്തിലെ ഒരു വിഭാഗം നിരന്തരം വിമർശിക്കപ്പെടുകയും നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നീതിയെക്കുറിച്ചുള്ള ഭരണഘടനയുടെ കാഴ്ചപ്പാടിന് എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യവും സദസ്സിൽനിന്നുയർന്നു. ഭരണഘടനയുടെ യഥാർഥ സംരക്ഷകർ ജനങ്ങൾ തന്നെയാണെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. പൗരന്മാർ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി ഇടപെടണമെന്നുമായിരുന്നു ഈ ചോദ്യത്തോടുള്ള സുധാംഷു ധൂലിയയുടെ പ്രതികരണം. 'ആദരണീയമായ കുടുംബങ്ങളിൽനിന്നുള്ളവർ പോലും തങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്നത് വിലക്കയറ്റത്തിനും തെറ്റായ ആളുകൾ അധികാരത്തിലെത്തുന്നതിനും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ വളർച്ചയ്ക്കും വഴിയൊരുക്കുമെന്ന കാര്യം അവർ തിരിച്ചറിയുന്നി'ല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ മാറ്റാൻ ജനങ്ങൾ കൂടുതൽ ജാഗ്രതയോടെയും രാഷ്ട്രീയബോധത്തോടെയും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൗലികാവകാശങ്ങളും ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജസ്റ്റിസ് ധൂലിയ സംസാരിച്ചു. ഭരണഘടനയുടെ നിർദേശക തത്ത്വങ്ങൾ ഉറപ്പുനൽകുന്ന ലക്ഷ്യങ്ങൾ സംരക്ഷിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുമ്പോൾ അവരുടെ മൗലികാവകാശങ്ങൾതന്നെ വെല്ലുവിളി നേരിടുന്ന സാഹചര്യമാണെങ്കിൽ എന്തുചെയ്യണമെന്നായിരുന്നു സദസ്സിലെ മറ്റൊരു ചോദ്യം. മൗലികാവകാശങ്ങളും നിർദേശക തത്ത്വങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിരീക്ഷണങ്ങൾ ഇതിന് മറുപടിയായി സുധാംഷു ധൂലിയ പരാമർശിച്ചു. നിർദേശക തത്ത്വങ്ങളെ ചലനാത്മകമായ അവകാശങ്ങളായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യമില്ലാത്ത ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഭരണഘടനയുടെ മൂന്നാം ഭാഗം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഫലപ്രദമായി അനുഭവിക്കാനാകുന്നില്ലെന്ന യാഥാർഥ്യവും അദ്ദേഹം അംഗീകരിച്ചു. 'അതെ, സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തുന്നതുവരെ ഇന്ത്യയിലെ ഭൂരിഭാഗം പേർക്കും ഭരണഘടനയുടെ മൂന്നാം ഭാഗം നൽകുന്ന അവകാശങ്ങൾ യഥാർഥത്തിൽ അനുഭവിക്കാനാകില്ലെന്നത് ശരിയാണ്. വിശക്കുന്ന മനുഷ്യന് വേണ്ടത് അപ്പമാണ്, സ്വാതന്ത്ര്യമല്ല' എന്നായിരുന്നു ജസ്റ്റിസ് ധൂലിയയുടെ പ്രതികരണം.

Content Highlights: Justice Sudhanshu Dhulia said Umar Khalid and Sharjeel Imam should have been granted bail much earlier, highlighting concerns over the prolonged denial of bail in their cases

To advertise here,contact us