ന്യൂഡൽഹി: ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന നോട്ടീസിന് പിന്നാലെ മുംബൈ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ. തന്റെ വാദം കൂടി കേൾക്കണമെന്നാണ് ഇമ്രാൻ ഖാന്റെ ആവശ്യം. തന്റെ ഭരണഘടനാ അവകാശങ്ങള് ലംഘിച്ചുവെന്ന് ആരോപിച്ച നടൻ ഒക്ടോബര് 14 ന് പുറപ്പെടുവിച്ച നോട്ടീസ് സ്റ്റേ ചെയ്യാന് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര് 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയില് നടന്ന പ്രതിഷേധത്തില് പങ്കെടുത്തതിനെ തുടര്ന്നായിരുന്നു മുംബൈ പൊലീസ് നടന് നോട്ടീസ് അയച്ചത്. ഒക്ടോബര് 28നകം ഇന്ത്യ വിടണമെന്നാണ് നോട്ടീസിലെ ആവശ്യം.
എസ്ഐആറിനെതിരായ പ്രതിഷേധങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇമ്രാൻ സമരത്തിൽ പങ്കെടുത്തത്. പങ്കാളി ലേഖ വാഷിങ്ടണും ബന്ധു സെയ്ന് മേരി ഖാനും ഒപ്പമാണ് ഇമ്രാന് ഖാന് പ്രതിഷേധത്തിനെത്തിയത്. തുടര്ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അന്നുതന്നെ വിട്ടയച്ചു. ഇന്ത്യയില് ജനിച്ചുവളര്ന്ന ഇമ്രാന് ഖാന് അമേരിക്കന് പൗരനാണ്. ഒസിഐ കാര്ഡിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില് താമസിക്കുന്നത്. ബോളിവുഡ് താരം ആമിര് ഖാന്റെ അനന്തരവന് കൂടിയാണ് അദ്ദേഹം.
ഇന്ത്യയിലെ താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകള് ലംഘിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അധികൃതര് നടപടിയെടുത്തതെന്നായിരുന്നു റിപ്പോര്ട്ട്. എന്നാല്, മുംബൈയില് താമസിക്കുന്ന വ്യക്തിയെന്ന നിലയില് സ്വന്തം താല്പര്യപ്രകാരമാണ് പ്രതിഷേധത്തില് പങ്കെടുത്തതെന്നും സംഘടിത രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നു. 1988ല് ആമിര് ഖാന് ചിത്രമായ ‘ഖയാമത് സേ ഖയാമത് തക്കി’ല് ബാലതാരമായി സിനിമയില് അരങ്ങേറിയ ഇമ്രാന് ‘ജോ ജീത്താ വോഹീ സിക്കന്ദര്’, ‘മാട്രൂ കി ബിജ്ലീ കാ മണ്ഡോല’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിരുന്നു. ഈ വര്ഷം പുറത്തിറങ്ങിയ ‘ഹാപ്പി പട്ടേല്’ ആണ് ഒടുവില് അഭിനയിച്ച ചിത്രം.
Content Highlights: Imran Khan Actor Moves Bombay High Court Against Leave India Notice October 28 Deadline