കേന്ദ്രത്തിൻ്റേത് സ്വേച്ഛാധിപത്യ നടപടി: ജന്തർ മന്തറിൻ്റെ ഔദ്യോഗിക പ്രതിഷേധ വേദി പദവി പിൻവലിച്ച നടപടിയിൽ CPIM

പൊതുജനങ്ങളുടെ വിയോജിപ്പുകൾ ദൃശ്യമല്ലാതാക്കാനും രാഷ്ട്രീയമായി ഫലശൂന്യമാക്കാനുമുള്ള നീക്കമാണിതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: ജന്തർ മന്തറിന്റെ ഔദ്യോഗിക പ്രതിഷേധ വേദി എന്ന പദവി പിൻവലിച്ച കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിയോജിപ്പുകളോടുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുതയുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തോടുള്ള അവഗണനയുടെയും പ്രതിഫലനമാണ് ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഈ നടപടിയെന്നാണ് പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വിമർശിച്ചിരിക്കുന്നു. ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ നടത്താൻ അനുമതി നിഷേധിക്കുന്നത് ഡൽഹി പൊലീസ് നേരത്തേ തന്നെ പതിവാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ സിപിഐഎം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏകപക്ഷീയമായ പൊലീസ് നിയന്ത്രണങ്ങളിലൂടെ നടപ്പാക്കിയിരുന്ന ഈ നടപടി ഇപ്പോൾ ഔദ്യോഗിക തീരുമാനത്തിലൂടെ സ്ഥിരപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും സിപിഐഎം കുറ്റപ്പെടുത്തി. ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയരുന്ന പൊതുജനരോഷത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു ശ്രമമാണിതെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

പ്രതിഷേധങ്ങൾക്കായി പകരം നിർദേശിച്ചിട്ടുള്ള രാംലീല മൈതാനം, ബുറാഡി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയൊന്നും ജന്തർ മന്തറിന് പകരമാകില്ലെന്നും സിപിഐഎം വ്യക്തമാക്കി. രാഷ്ട്രീയ അധികാരകേന്ദ്രങ്ങളിൽനിന്ന് പൊതുപ്രതിഷേധങ്ങളെ അകറ്റിനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം, അധികാരകേന്ദ്രങ്ങളോടുള്ള സാമീപ്യം തുടങ്ങിയ ഘടകങ്ങളാണ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കുള്ള പ്രധാന വേദിയായി ജന്തർ മന്തറിനെ മാറ്റിയയത്. ഇവയെ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും സിപിഐെം കുറ്റപ്പെടുത്തി. പൊതുജനങ്ങളുടെ വിയോജിപ്പുകൾ ദൃശ്യമല്ലാതാക്കാനും രാഷ്ട്രീയമായി ഫലശൂന്യമാക്കാനുമുള്ള നീക്കമാണിതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

Content Highlights: The CPI(M) has condemned the Centre's decision to revoke Jantar Mantar's status as an officially designated protest site, calling it an authoritarian move that undermines the democratic right to peaceful protest.

To advertise here,contact us