ചെന്നൈ: സാമൂഹികമാധ്യമത്തിലൂടെ നടത്തിയ ചെറിയ ഒരു അഭ്യര്‍ത്ഥന കൊണ്ട് പണിവാങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു പ്രാദേശിക കണ്ടന്റ് ക്രിയേറ്റര്‍. ഇതോടെ സ്വന്തം വീട് തന്നെ ഉപക്ഷേിച്ച് പോകേണ്ട ഗതികേടിലായി അദ്ദേഹമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മധുരയില്‍ നിന്നുള്ള വീരമണിയെന്ന കണ്ടന്റ് ക്രിയേറ്റര്‍ ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തനിക്കൊരു പാക്കറ്റ് മധുരപലഹാരം ആരെങ്കിലും അയച്ചു നല്‍കണമെന്ന സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി സ്വന്തം മേല്‍വിലാസവും ഫോണ്‍ നമ്പറും സഹിതം അദ്ദേഹം തന്റെ ഫോളോവേഴ്സിനായി പങ്കുവച്ചു. പ്രാദേശിക ഭാഷാശൈലിയിലൂടെയും തമാശകളിലൂടെയും ശ്രദ്ധേയനായ വീരമണിയുടെ പുതിയ പോസ്റ്റ് വൈറലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഫോളോവേഴ്സില്‍ ഒരു വിഭാഗം, വീരമണിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും നല്കി ഓണ്‍ലൈന്‍ ആപ്പുകളില്‍ പലതരം വസ്തുക്കള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡറുകളുമായി ഡെലിവറി ഏജന്റുമാര്‍ വിളിക്കാനും വീട്ടിലെത്താനും തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് വീരമണിക്ക് മനസിലായത്. ഇ - കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഡെലിവെറി ഏജന്റുമാര്‍ വീരമണിയുടെ വീട്ടിന് മുന്നില്‍ വാഷിങ് മെഷീന്, ഫ്രിഡ്ജ്, സ്മാര്‍ട്ട്ഫോണുകള്‍, ടിവി എന്നിവയുമായി എത്തി. ഇതിലൊരു ടിവിയുടെ വില 1.69ലക്ഷത്തോളമായിരുന്നു എന്നാണ് വിവരം. വീരമണി ഇവയൊന്നും ഓര്‍ഡര്‍ ചെയ്യാത്തതിനാലും പണം നല്കാന് നിവര്‍ത്തി ഇല്ലാത്തതിനാലും ഇവരുടെ കോളുകള്‍ക്ക് പ്രതികരിക്കാതെയായി. ഇതിനിടയില്‍ ചില ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ വീരമണിക്ക് വേണ്ടി ജെസിബിയും മിലിട്ടറി ടാങ്കുകളും ഓര്‍ഡര്‍ ചെയ്തെന്ന് കാട്ടി ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം മറ്റ് ചിലര്‍ വീരമണിക്കായി ഭക്ഷണസാധനങ്ങളാണ് ഓര്‍ഡര്‍ ചെയ്തത്. സ്വിഗി, സോമാറ്റോ ഏജന്റുമാരും ഇതോടെ വീരമണിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. പ്രശ്നം ഗുരുതരമാണെന്ന് മനസിലാക്കി അദ്ദേഹം ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. അവസാനം മനസമാധാനം ഇല്ലാതായതോടെ സ്വന്തം വീട് തന്നെ ഉപേക്ഷിച്ച് പോയിരിക്കുകയാണ് വീരമണി. വീരമണിയുടെ നിസഹായവസ്ഥ പുറത്തറിഞ്ഞ് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ താനൊരു യാത്രയിലാണെന്നും തന്നെ ഇനി ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നും ആരുടെയും നിയന്ത്രണത്തിലല്ലാതെ തനിക്കിനി ജീവിക്കാമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിലവില്‍ വീരമണിയെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. അദ്ദേഹത്തിന്റെ ഫോണിലേക്കുള്ള കോളുകളെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ആളുകളുടെ ഉപദ്രവം മൂലം അദ്ദേഹം സാധനങ്ങളെല്ലാം പാക്ക് ചെയ്ത് നാട് വിട്ടുപോയെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
Content Highlights: An influencer reportedly left home after being overwhelmed by cash on delivery orders following a social media post requesting sweets for Diwali