തെരുവിലിറങ്ങിയ ഓരോ വ്യക്തിയെക്കുറിച്ചും ഞാന്‍ ഏറെ അഭിമാനിക്കുന്നു: പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

അവരവരുടെ രീതിയില്‍ പിന്തുണ പ്രകടിപ്പിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്കും നന്ദിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്‍ഡ്യ സംഖ്യത്തിന്റെ ഐതിഹാസിക സമരത്തിന് പിന്നാലെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവന്ന ഓരോരുത്തര്‍ക്കും നന്ദി. അവരവരുടെ രീതിയില്‍ പിന്തുണ പ്രകടിപ്പിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്കും നന്ദി. ഇന്‍ഡ്യ മുന്നണിയിലെ നേതാക്കള്‍ക്കും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഇന്ത്യ മുന്നണിയുടെയും മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് കാട്ടിക്കൊടുക്കേണ്ടിയിരുന്ന ദിവസം. തങ്ങളെ തല്ലാനോ, ഭീഷണിപ്പെടുത്താനോ, ഭയപ്പെടുത്താനോ നിങ്ങള്‍ക്ക് കഴിയില്ല. ഭീഷണിപ്പെടുത്തലുകള്‍ തങ്ങള്‍ അംഗീകരിച്ചു തരില്ലെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. കൊച്ചുകുട്ടികളെ തല്ലിച്ചതച്ച ആര്‍എസ്എസ് കാപട്യക്കാര്‍ ഇന്ന് എവിടെപ്പോയി. തങ്ങളും ഇന്ത്യയിലെ ജനങ്ങളും അവിടെ നിവര്‍ന്നു നില്‍ക്കുമ്പോള്‍, എന്തുകൊണ്ടാണ് നിങ്ങള്‍ പുറത്തുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയെപ്പോലെ നിങ്ങളും ഭീരുക്കളാണ്. നേരെ നിന്ന് പൊരുതാന്‍ കഴിയില്ല. അധികാരം ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് പോരാടാന്‍ കഴിയൂ എന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ സമാന്തര പ്രതിഷേധങ്ങളൊന്നുമില്ല. ഇതൊരൊറ്റ പ്രതിഷേധമാണ്. എല്ലാവരും ഒന്നിച്ച് നിലകൊള്ളുന്ന പ്രതിഷേധം. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കുന്നവര്‍ക്കെതിരെ ഓരോ വ്യക്തിയും ഒറ്റക്കെട്ടായി നിലകൊള്ളും. തങ്ങള്‍ ഇതില്‍ നിന്ന് പിന്നോട്ട് പോകില്ല. തങ്ങളെ പിന്തുണയ്ക്കാന്‍ എത്തിയ സിവില്‍ സൊസൈറ്റി സംഘടനകളിലെ എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നു. ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയെയും നമ്മുടെ ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ തെരുവിലിറങ്ങി വന്ന എല്ലാവര്‍ക്കും നന്ദി. തെരുവിലിറങ്ങിയ ഓരോ വ്യക്തിയെക്കുറിച്ചും ഞാന്‍ ഏറെ അഭിമാനിക്കുന്നെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlights: Lok Sabha Opposition Leader Rahul Gandhi thanked everyone who participated in the INDIA Alliance protest and the millions who expressed support in their own ways. He also thanked alliance leaders and workers of the Congress and other INDIA Alliance parties for their participation and support.

To advertise here,contact us