ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അടക്കമുള്ള ഇന്‍ഡ്യ മുന്നണി നേതാക്കൾ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഉന്നയിച്ചിക്കുന്നത് പത്ത് ആവശ്യങ്ങൾ. ഇന്‍ഡ്യ മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ചിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വലിയ ജനപങ്കാളിത്തമാണ് മാര്‍ച്ചില്‍ ഉടനീളം ഉണ്ടായത്. ഇന്‍ഡ്യ മുന്നണിയിലെ പ്രധാന പാര്‍ട്ടികളുടെ എല്ലാം പ്രമുഖ നേതാക്കളായിരുന്നു ഹര്‍ജിക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറടക്കമുള്ള മൂന്ന് കമ്മീഷണര്‍മാര്‍ എന്നിവരാണ് എതിര് കക്ഷികള്‍.
എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ആദ്യ ആവശ്യം. എസ്ഐആറിന്റെ ഭരണഘടനാ പരമായ സാധുത പരിശോധിക്കുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഹര്‍ജിക്കാരുടെ പാരാതിയില്‍ തെരഞ്ഞടുപ്പ് കമ്മീഷനോട് നടപടിക്ക് നിര്‍ദ്ദേശം നല്‍കുക, നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ക്കനുസൃതമായി ഓണ്‍ലൈന്‍ ഫോം-6 ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക, എസ്ഐആറിലെ ക്രമക്കേടുകള്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷിക്കുക, എസ്ഐആറില്‍ നിന്ന് നീക്കം ചെയ്തവരുടെ പേരുകളും അതിനുള്ള കാരണവും പരസ്യപ്പെടുത്തുക, നോട്ടീസ് നല്കാതയോ ഹിയറിംഗ് നടത്താതയോ ഒരു വോട്ട് പോലും നീക്കം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കുക, ഇപ്പോള്‍ നടക്കുന്ന എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, വിഷയത്തില്‍ കോടതി ഉചിതമെന്ന് കരുതുന്ന മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
വൈകുന്നേരം 4:30-നുള്ള സമയപരിധിക്കുള്ളില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നേരിട്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, അഭിഭാഷകന് എസ് പ്രസന്നയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ന് നടന്ന 'ഇന്‍ഡ്യ' സഖ്യത്തിന്റെ വമ്പന്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. കൂടാതെ യുവ നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ് എന്നിവരും സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി, ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് രാഹുല്‍ ഗാന്ധിയെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീം കോടതിയില്‍ സംയുക്ത ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Content Highlights: Rahul Gandhi and other INDIA Alliance leaders have filed a petition in the Supreme Court raising 10 demands following the Delhi Chalo march held in the national capital. Leaders from major parties in the alliance are among the petitioners, while the Election Commission and its three commissioners, including the Chief Election Commissioner, have been named as respondents.