ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് സിജെപിയുടെ താൽക്കാലിക നേതൃ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ. കസ്റ്റഡിയിലായ നേതാക്കള്‍ക്ക് അഭിഭാഷകരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും അവരുടെ കുടുംബവുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും അജിങ്ക്യ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളെക്കുറിച്ച് വിവരമില്ല. അഭിജീത് ദിപ്കെ, സൗരവ് ദൗസ്, അശുതോഷ് റാങ്ക എന്നിവരെക്കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്. മൂവരും വ്യത്യസ്ത രഹസ്യ കേന്ദ്രങ്ങളിൽ തടവിലാണെന്നും സിജെപി നേതൃത്വം പറഞ്ഞു.
ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പോലെയുള്ള സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ പ്രധാനപ്പെട്ട ദിവസമാണിന്നെന്നും ജനാധിപത്യത്തിന് വേണ്ടി പോരാടിയ യുവാക്കളെ അടിച്ചമര്‍ത്തിയ ദിനമാണെന്ന് എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ശ്രീജന് ഭട്ടാചാര്യയും പറഞ്ഞു.
സിജെപി, എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിജെപിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അജിങ്ക്യ ഷിൻഡെ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്.
ഇക്കാര്യം അറിയിച്ചുകൊണ്ട് അഭിജീത് ദീപ്കെ എക്സില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ശനിയാഴ്ച റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് ഇന്ന് പങ്കുവെച്ചത്. പ്രതിഷേധത്തിനെത്തുന്ന സിജെപി നേതൃത്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാകാം ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചത്.
വര്‍ഷങ്ങളായി അഭിജീത് ദീപ്കെയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള അജിങ്ക്യ ഷിന്‍ഡെ. മുന്‍പ് ആംആദ്മി പാര്‍ട്ടിയുടെ യുവജന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 35കാരന് പിന്നീട് സിജെപി നേതൃത്വത്തിലേക്ക് വരികയായിരുന്നു. കോക്രോച്ച് ജനതാപാര്‍ട്ടി രൂപീകരിച്ച ഘട്ടത്തില്‍ നേതൃനിരയെ നയിക്കുന്ന 12 വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ എന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍ അജിങ്ക്യ ഷിന്‍ഡെയും ശ്രദ്ധേയമായിരുന്നു.
അതേസമയം, സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യയുടെ യുവത്വത്തെ ഓർത്ത് അഭിമാനിക്കുകയാണ്. പോരാട്ടം തുടരുക. തങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഈ ഭരണകൂടത്തെയും ഭരണഘടനയെ ആക്രമിച്ച ആളുകളെയും പരാജയപ്പെടുത്തുമെന്ന് നമ്മൾ ഉറപ്പാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Content Highlights: Gyanesh Kumar Resignation Protest To Continue Says CJP In Charge Ajinkya Shinde