ബെംഗളൂരു: സിജെപി സമരത്തെ നേരിടാൻ ഡല്ഹിയിലേയ്ക്കെത്തുന്ന ട്രെയിനുകൾ ഉൾപ്പെടെ തടയാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പരിഹസിച്ച് സിജെപി നേതാക്കൾ. അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ സർക്കാർ നിയന്ത്രണങ്ങളെ പരിഹസിച്ച് പരസ്പരം ആശയവിനിമയം നടത്തുന്ന വീഡിയോ ഇതിനകം ഇൻസ്റ്റാഗ്രാമിൽ ട്രെൻഡാണ്.
‘നാളെ ഞങ്ങൾ പ്രതിഷേധത്തിന് ഇറങ്ങാൻ പോകുന്നതിനാൽ നമ്മുടെ 'വിശ്വഗുരു 56 ഇഞ്ച് മഹാമാനവ്' റെയിൽവേ സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്' എന്ന് അഭിജീത് ദീപ്കെ പറയുമ്പോൾ സൗരവ് ദാസും അശുതോഷ് റാങ്കെയും പൊട്ടിച്ചിരിക്കുന്നുണ്ട്. പിന്നാലെ എന്ത് പറയാനുണ്ടെന്ന് അഭിജീത് ദീപ്കെ ചോദിക്കുമ്പോൾ 'മോദിജി നല്ല അന്തരീക്ഷമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് ഉമ്മ..' എന്നായിരുന്നു സൗരവ് ദാസിൻ്റെ പ്രതികരണം. 'മോദിജി താങ്കളുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലോ? ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലല്ലോ' എന്നാണ് ചിരിച്ചുകൊണ്ട് അശുതോഷ് റാങ്ക ചോദിക്കുന്നത്. ഇതിന് മറുപടിയായി 'ഇടയ്ക്കിടെ രക്തസമ്മർദ്ദം പരിശോധിച്ച് കൊണ്ടിരിക്കണേ. റെയിൽവേ തന്നെ നിർത്തിവെക്കുക എന്ന് വെച്ചാൽ, അത്രയ്ക്കൊക്കെ വേണമായിരുന്നോ?' എന്നും അഭിജീത് ദീപ്കെ ചോദിക്കുന്നുണ്ട്.
'ഇന്ദിര ഗാന്ധിയെന്ന ഏകാധിപതി അടിയന്തരാവസ്ഥയുടെ കാലത്ത് പോലും ഇത് ചെയ്തിട്ടില്ലെ'ന്നാണ് മറുപടിയെന്ന വണ്ണം സൗരവ് ദാസ് പറയുന്നത്. 'നിങ്ങളുടെ വലതുപക്ഷക്കാർ പറയുന്നത് ജനം അവിടെ എത്തുന്നില്ല എന്നാണ്. ഏയ് നിങ്ങളുടെ പാപ്പാ ഭയത്തെ തുടർന്ന് പാർലമെന്റ് അടച്ചുവെച്ചു' എന്ന് അശുതോഷ് റാങ്ക പറയുമ്പോൾ റെയിൽവേ അടച്ചു, മെട്രോ അടച്ചു, സാർ, നിങ്ങൾ ബ്ലഡ് പ്രഷർ പരിശോധിച്ചു കൊണ്ടിരിക്കൂ, അത്രമാത്രം ചെയ്താൽ മതി'യെന്നാണ് അഭിജീത് ദീപ്കെ പറയുന്നത്. '57 മെട്രോ സ്റ്റേഷനാണ് പൂട്ടിയിരിക്കുന്നത്, ഡൽഹി തന്നെ അടയ്ക്കുമെന്നാണ് ഗവൺമെൻ്റിൻ്റെ മുന്നറിയിപ്പ്' എന്നാണ് സൗരവ് ദാസ് ഇതിനോട് ചേർത്ത് പറയുന്നത്. 'ഭായ്, സത്യം പറഞ്ഞാൽ സച്ചിൻ ശർമ്മയുടെ മുഖം കണ്ടിട്ട്…' എന്ന് ചിരിച്ച് കൊണ്ട് അശുതോഷ് റാങ്ക പറഞ്ഞ് നിർത്തുമ്പോൾ 'ജനറൽ ഡയർ' എന്ന് സൗരവ് ദാസ് പറയുന്നുണ്ട്. 'കുഴപ്പമില്ല സർ ജന്തർ മന്തറിലേക്കാണ് പോകുന്നത്. കുഴപ്പമില്ല, സാർ ഞങ്ങൾ വീണ്ടും വരികയാണ് നാളെ കാണാം. ബൈ ബൈ' എന്ന് പറഞ്ഞാണ് അഭിജീത് ദീപ്കെ സംഭാഷണം അവസാനിപ്പിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നാളെ നടത്താനിരിക്കുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി പൊലീസ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തിരിക്കുകയാണ്. രാജ്യത്ത് വിവിധ ഇടങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിജെപി പ്രവർത്തകർ കരുതൽ തടങ്കലിലാണെന്ന് നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെവോവ പൊലീസ് നിരീക്ഷണത്തിൽ വീട്ടുതടങ്കലിലാണ്. എസ്എഫ്ഐ ജില്ലാ കൺവീനർ ആരിഫിനെയും സമാനമായ രീതിയിൽ ഉത്തർപ്രദേശ് പൊലീസ് ഷഹരാൻപൂരിൽ നിന്നും അറസ്റ്റ് ചെയ്തതായി സംഘടന ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ ഉത്തർപ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണ്.
Get well soon paw-paw https://t.co/48w6eyzKXH
പ്രതിഷേധത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥി നേതാക്കളെ ഇത്തരത്തിൽ തടഞ്ഞുവെയ്ക്കുന്നത് നിയമവിരുദ്ധവും അനീതിയുമാണെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ബാധിക്കുന്ന വിഷയങ്ങളിൽ തങ്ങളുടെ ശബ്ദമുയർത്തുന്നതിൽ നിന്ന് വിദ്യാർത്ഥികളെയും യുവജനങ്ങളെയും തടയുന്നതിനായി പൊലീസ് ബലപ്രയോഗവും ഏകപക്ഷീയമായ തടങ്കലും പ്രയോഗിക്കുന്നത് ജനാധിപത്യ അവകാശങ്ങൾക്കു നേരെയുള്ള ഗുരുതരമായ കടന്നാക്രമണമാണെന്നും ആദർശ് പറഞ്ഞു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും കീഴ്പ്പെടുത്താനുള്ള ബിജെപി-ആർഎസ്എസ് ശ്രമങ്ങൾ വിജയിക്കില്ല. ഭീഷണികളിലൂടെയോ തടങ്കലിലൂടെയോ പൊലീസ് നടപടികളിലൂടെയോ വിദ്യാർത്ഥികളുടെ ജനാധിപത്യബോധത്തെ അടിച്ചമർത്താനാവില്ല. വോട്ട് കൊള്ളയ്ക്കെതിരെ ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വൻതോതിൽ തെരുവിലിറങ്ങുമെന്നും ആദർശ് വ്യക്തമാക്കി.
Content Highlights: Abhijeet Deepke criticises the cancellation of a train, referring to Prime Minister Narendra Modi as 'Vishwaguru' and '56-inch chest Mahamanav', while Sourav Das compares the decision with the actions of former Prime Minister Indira Gandhi.