ബെംഗളുരുവിലും സമരത്തീ… 'SIR റദ്ദാക്കും വരെ പോരാട്ടം'; സിജെപിക്ക് പിന്തുണയുമായി ധ്രുവ് റാത്തിയും പ്രകാശ് രാജും

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പേരാണ് പാര്‍ക്കില്‍ തടിച്ചുകൂടിയത്.

ബെംഗളുരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി സിജെപി. സിജെപി സംഘടിപ്പിച്ച 'പീപ്പിള്‍സ് ട്രിബ്യൂണല്‍' പ്രതിഷേധത്തിന് പിന്തുണയുമായി യൂട്യൂബര്‍ ധ്രുവ് റാത്തി, നടന്‍ പ്രകാശ് രാജ്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് എന്നിവരും ബെംഗളുരുവിലെ ഫ്രീഡം പാര്‍ക്കിലെത്തി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി രണ്ടായിത്തോളം പേരാണ് പാര്‍ക്കില്‍ തടിച്ചുകൂടിയത്.

സര്‍ക്കാരിനെ മാറ്റാനല്ല താന്‍ പ്രതിഷേധത്തിനെത്തിയത് എന്നാണ് പ്രതിഷേധത്തിനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ധ്രുവ് റാത്തി പറഞ്ഞത്. അത്തരം ചില പ്രചരണം ചിലര്‍ നടത്തുന്നുണ്ടെന്നും ഇത് തന്റെ ആദ്യ പ്രതിഷേധ സമരമാണെന്നും ധ്രുവ് റാത്തി പറഞ്ഞു. വോട്ട് മോഷണം നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുവരെ പോലും മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനെക്കാള്‍ വഞ്ചകന്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' ആശയത്തെ വിമര്‍ശിച്ചാണ് അഭിജീത്ത് ദീപ്‌കെ സംസാരിച്ചത്.

'ഇന്ത്യയിലെ ഓരോ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ദേശം, ഒരു തെരഞ്ഞെടുപ്പ് എന്നത് അവരുടെ മുദ്രാവാക്യമാണ്. എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് ഒരു രാജ്യം ഒരു പാര്‍ട്ടി എന്നതാണ്. അത് ഹിറ്റ്‌ലറിന്റെ ആശയമാണ്. ഹിറ്റ്‌ലറിന് എന്ത് സംഭവിച്ചു എന്നത് നോക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാനുള്ളത്. അയാള്‍ സ്വയം വെടിവെയ്‌ക്കേണ്ടി വന്നു'- പ്രതിഷേധത്തിനിടെ അഭിജീത്ത് ദീപ്‌കേ പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി മോദിയുടെ പ്രഭാവം കുറഞ്ഞുവെന്ന് മനസിലാക്കിയാണ് ബിജെപി വോട്ടുകള്‍ വെട്ടാന്‍ ആരംഭിച്ചത്. ഇത്തരത്തില്‍ 14 ശതമാനത്തോളം വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.

ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിജെപിയുടെ ബെംഗളുരു പ്രതിഷേധത്തിലും പ്രകാശ് രാജ് പങ്കെടുത്തത്. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ആജ്ഞ അനുസരിച്ചാണ് ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച പ്രകാശ് രാജ് വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം തങ്ങളെ അറസ്റ്റ് ചെയ്ത് തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്നാണ് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പ്രതികരിച്ചത്.

എസ്‌ഐആറിലൂടെ വോട്ട് അവകാശം നഷ്ടപ്പെട്ടവരാണ് പീപ്പിള്‍സ് ട്രൈബ്യൂണിലിന്റെ ഭാഗമായതില്‍ ഭൂരിഭാഗവും. പ്രതിഷേധക്കാര്‍ വോട്ടുകൊള്ളയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി. തങ്ങളെ വെട്ടിമാറ്റതെ കേള്‍ക്കാന്‍ തയ്യാറാകൂ എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സിജെപിയുടെ നേതൃത്വത്തില്‍ ചപ്പല്‍ പ്രതിഷേധം ഉടൻ ആരംഭിക്കും.

Content Highlights: Dhruv Rathee participated in a protest in Bengaluru in support of CJP. He said his presence at the protest was not aimed at bringing about a change in government.

To advertise here,contact us