ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ജന്തർ മന്തറിൽ സമരത്തിനെത്തി ഇൻഡ്യ സഖ്യത്തിലെ എം പിമാർ. ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരും സമരമെന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരമാണ് ജനപഥിലെ സാഗർ രത്ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർ ഒത്തുകൂടിയിരുന്നു. ‘വോട്ട് ചോരി’ എന്ന ആരോപണം ജനങ്ങളിലേക്ക് എത്തിക്കാനും തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാനുമായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് മൂന്ന് ബസുകളിലായി പ്രതിപക്ഷ എം പിമാർ പ്രതിഷേധത്തിനായി ജന്തർ മന്തറിലേയ്ക്ക് എത്തിച്ചേർന്ന്. ഇതിനിടെ ജന്തർ മന്തറിലേയ്ക്ക് പ്രതിപക്ഷ നേതാക്കൾ കടക്കുന്നത് തടയുന്നതിനായി വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണമാണ് പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്.
ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷ എംപിമാരുമായി പോയ ബസുകൾ പൊലീസ് വഴിയിൽ തടഞ്ഞു. എന്നാൽ പൊലീസ് ഉയർത്തിയ സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ചുകൊണ്ടാണ് പ്രതിപക്ഷ എം പിമാർ ജന്തർ മന്തർ ലക്ഷ്യമാക്കി യാത്ര തുടരുന്നത്. ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് ആരോപിച്ച മല്ലികാർജുൻ ഖർഗെ, ‘വോട്ട് ചോരി’ വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ പ്രതിപക്ഷ എം പിമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ശ്രമിച്ചെങ്കിലും അവിടെ പ്രതിഷേധം നടത്താൻ അനുമതി ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനാലാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ വേദിയായ ജന്തർ മന്തറിലേക്ക് പോകുന്നതെന്നും അവിടെ ഒരുമിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ നിയമാനുസൃത തെരഞ്ഞെടുപ്പ് കമ്മീഷണറല്ലെന്നാണ് തങ്ങളുടെ നിലപാടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ എന്നിവർ രാജ്യത്തെ ജനാധിപത്യം തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച നടന്ന ധർണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ചും രാഹുൽ ഗാന്ധി പ്രതികരിച്ചു. തനിക്കെതിരെ 100 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. നിലവിൽ തനിക്കെതിരെ 45 എഫ്ഐആറുകളുണ്ടെന്നും 100 എന്ന ലക്ഷ്യത്തിലേക്കാണ് പോകുന്നതെന്നും രാഹുൽ പറഞ്ഞു. അനുമതിയില്ലാതെ ആകാശവാണി ഭവനിൽ പ്രവേശിക്കുകയും അവിടെ ആറ് മണിക്കൂറോളം ധർണ നടത്തുകയും ചെയ്തതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമെതിരെ ബുധനാഴ്ച കേസെടുത്തിരുന്നു.
ചൊവ്വാഴ്ച പ്രതിപക്ഷത്തിന്റെ തെരുവ് പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി നേരിട്ട് നേതൃത്വം നൽകിയതിന് പിന്നാലെയാണ് ഇന്നത്തെ ഉച്ചഭക്ഷണ യോഗം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിനിടെ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി എട്ട് മണിക്കൂറിലേറെ നീണ്ട ധർണയിൽ ഇരുന്നു. തുടർന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവർ കസ്റ്റഡിയിലായിരുന്നു. ഭൂരിഭാഗം പ്രതിപക്ഷ എംപിമാരെയും പൊലീസ് തടഞ്ഞപ്പോൾ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്ര ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രം അകലെയുള്ള ആകാശവാണി ഭവനിൽ പ്രവേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഉച്ചയോടെ ആരംഭിച്ച ധർണ രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ഇതിനിടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും ബലം പ്രയോഗിച്ച് നീക്കി പൊലീസ് വാഹനങ്ങളിലും ബസുകളിലും കയറ്റുകയായിരുന്നു. ഇതിനെ എംപിമാർ എതിർത്തു.
Content Highlights: Rahul Gandhi says opposition MPs will protest at Jantar Mantar until Election Commission chief Gyanesh Kumar resigns.