ഗ്യാനേഷ് കുമാറിൻ്റെ രാജി: നാളെയും പ്രതിഷേധം തുടരാൻ കോൺഗ്രസ്; എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി

എഐസിസി നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെയും പ്രതിഷേധം തുടരുമെന്ന് അറിയിച്ച് പ്രതിപക്ഷം. നാളെയും ഡല്‍ഹിയില്‍ പ്രതിഷേധത്തിനായി അണിനിരക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. എഐസിസി നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്. പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് വിട്ടയച്ചു.

അതിനിടെ, പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ ഇന്‍ഡ്യാ മുന്നണി എംപിമാര്‍ക്കും രാഹുഗാന്ധി നന്ദി പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിലും, തെരുവുകളിലും, ജന്തര്‍ മന്തറിനടുത്തും ഉറച്ചുനില്‍ക്കുന്ന ഓരോ ഇന്‍ഡ്യാ മുന്നണി എംപിമാരോടും നന്ദി പറയുകയാണെന്ന് രാഹുഗാന്ധി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

'അവര്‍ക്ക് ഒരു മാര്‍ച്ച് നിര്‍ത്താന്‍ കഴിയും. അവര്‍ക്ക് ഒരു മീറ്റിംഗ് നിരസിക്കാന്‍ കഴിയും. പക്ഷേ അവര്‍ക്ക് നമ്മുടെ ജനങ്ങളുടെ ഇച്ഛാശക്തി തടയാന്‍ കഴിയില്ല. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍, തുടങ്ങിയ എല്ലാവരെയും നീതിയുടെ മുന്നില്‍ കൊണ്ടുവരും'; എന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറിൽ നടന്നത്. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘർഷാവസ്ഥയിലായി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി വീണ്ടും പ്രതിഷേധിച്ചു.

ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ക്ഷണപ്രകാരമാണ് ജനപഥിലെ സാഗര്‍ രത്‌ന റെസ്റ്റോറന്റില്‍ പ്രതിപക്ഷ എംപിമാര്‍ ഒത്തുകൂടിയിരുന്നത്. 'വോട്ട് ചോരി' എന്ന ആരോപണം ജനങ്ങളിലേക്ക് എത്തിക്കാനും തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനുമായിരുന്നു യോഗം. ഇതിന് പിന്നാലെയാണ് മൂന്ന് ബസുകളിലായി പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധത്തിനായി ജന്തര്‍ മന്തറിലേയ്ക്ക് എത്തിച്ചേര്‍ന്ന്.

Content Highlights: Congress will continue its protest tomorrow demanding Gyanesh Kumar’s resignation and has directed its MPs to participate in the demonstration.

To advertise here,contact us