ടിവികെയുടെ ‘വിസിൽ’ ചിഹ്നത്തിന് വോട്ട് ചെയ്യാൻ വയോധികയോട് ആവശ്യപ്പെട്ടു; പോളിങ് ഉദ്യോഗസ്ഥനെ നീക്കി

ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മധുരാന്തകത്ത് 83.86 ശതമാനവും ധാരാപുരത്ത് 78.53 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പൂർ ജില്ലയിലെ ധാരാപുരം നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ വയോധികയായ വോട്ടറോട് ‘വിസിൽ’ ചിഹ്നത്തിന് വോട്ട് ചെയ്യണമെന്ന് പോളിങ് ഉദ്യോഗസ്ഥൻ നിർദേശിച്ചതായി ആരോപണം. സംഭവത്തെ തുടർന്ന് പോളിങ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് ഉദ്യോഗസ്ഥനെ മാറ്റിയ ശേഷമാണ് പോളിങ് പുനഃരാരംഭിച്ചത്.

രാഷ്ട്രീയ പാർട്ടി ഏജന്റുമാരും നാട്ടുകാരും ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. ധാരാപുരം മണ്ഡലത്തിലെ കൊളിഞ്ചിവാടി മേഖലയിലെ പോളിങ് ബൂത്തിലാണ് സംഭവം. തങ്കമണി എന്ന ഉദ്യോഗസ്ഥനാണ് തമിഴക വെട്രി കഴകം (ടിവികെ)ക്ക് അനുവദിച്ച ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ വോട്ടറോട് നിർദേശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പോളിങ് ബൂത്തിൽ സംഘർഷാവസ്ഥയുണ്ടാകുകയും വോട്ടെടുപ്പ് നടപടികൾ തടസപ്പെടുകയും ചെയ്തു. തുടർന്ന് ധാരാപുരം പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കി. പരാതിയിൽ അന്വേഷണം നടത്തിയതിന് പിന്നാലെ തങ്കമണിയെ ഉടൻ ചുമതലയിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പകരം രാജമ്മാളിനെ പുതിയ പോളിങ് ഉദ്യോഗസ്ഥയായി നിയമിച്ചു. ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ട വോട്ടെടുപ്പ് പുതിയ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ പുനരാരംഭിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി നൂറിലധികം പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചു.

മധുരാന്തകം, ധാരാപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം മധുരാന്തകത്ത് 83.86 ശതമാനവും ധാരാപുരത്ത് 78.53 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മധുരാന്തകത്ത് രാജിവെച്ച കെ കുമാരവേലിനെയും ധാരാപുരത്ത് പി സത്യഭാമയെയുമാണ് ടിവികെ മത്സരരം​ഗത്ത് ഇറക്കിയിരിക്കുന്നത്. രണ്ട് നിമയസഭാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ടിവികെ, ഡിഎംകെ, എഐഎഡിഎംകെ എന്നിവർക്ക് പുറമെ ഇടതുപാർട്ടികളും ഇവിടെ മത്സരരം​ഗത്തുണ്ട്.

Content Highlights: A polling officer was removed after allegedly asking an elderly woman to vote for TVK's whistle symbol during polling

To advertise here,contact us