'രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റ്'; ഫോം 6ൽ വീണ്ടും ന്യായീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കമ്മീഷന്റെ വാദം ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ഇക്കാര്യം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ന്യായീകരണം

ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടിയുമായി ബന്ധപ്പെട്ട ഫോം 6ല്‍ വീണ്ടും ന്യായീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയായി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്കിലാണ് ഫോം 6ൽ നിയമവിരുദ്ധമായി കൂട്ടിച്ചേർത്ത ഡിക്ലറേഷൻ കോടതി അംഗീകരിച്ചതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ന്യായീകരിച്ചത്. 2025 ജൂണ്‍ 24ലെ ബിഹാര്‍ എസ്‌ഐആര്‍ സംബന്ധിച്ച ഉത്തരവ് അംഗീകരിച്ച കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ ന്യായീകരണം.

രാഹുല്‍ ഗാന്ധിയുടെ എക്‌സ്‌പോസ്റ്റിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും 2025 ജൂണ്‍ 24-ലെ ബിഹാര്‍ എസ്ഐആർ ഉത്തരവ് കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. 2026 മേയ് 27ലെ വിധിയില്‍ സുപ്രീംകോടതി ബിഹാര്‍ എസ്ഐആറിൻ്റെ സാധുത ശരിവെച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ന്യായീകരിച്ചു.

എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ഫോം 6ല്‍ വരുത്തിയ മാറ്റങ്ങള്‍ തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളിക്കളഞ്ഞത്.

Content Highlights: The Election Commission has termed Rahul Gandhi’s allegation over changes to Form 6 as misleading and defended its position on the SIR-related declaration.

To advertise here,contact us