ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന് പറഞ്ഞു. ടിവികെ അധികാരത്തിലെത്തിയപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ പദ്ധതികളൊന്നും അവര്‍ നടപ്പിലാക്കിയില്ല. ഡിഎംകെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പേര് മാറ്റി ക്രെഡിറ്റ് അടിച്ച് മാറ്റുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ ഡമ്മി മുഖ്യമന്ത്രിയെ തങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ഉദയനിധിയുടെ പ്രതികരണം.
ഡിഎംകെ ഒരു പ്രധാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഉദയനിധി തുടങ്ങിയത്. രണ്ട് ദിവസം കഴിയുമ്പോള്‍ ഡിഎംകെയുടെ 'മുപ്പെറും വിഴ' ആഘോഷമാണ്. കഴിഞ്ഞ 77 വര്‍ഷത്തില്‍ പാര്‍ട്ടി വിജയങ്ങളും പരാജയങ്ങളുമറിഞ്ഞു. തെരഞ്ഞെടുപ്പ് ജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമപ്പുറം ഡിഎംകെ എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്നുവെന്ന് ഉദയനിധി ചൂണ്ടിക്കാട്ടി.
അധികാരത്തില്‍ തിരിച്ചുവരാനുള്ള അവസരം നഷ്ടപ്പെടുത്തിയെങ്കിലും പ്രതിപക്ഷമെന്ന നിലയില്‍ ഫലപ്രദമായാണ് ഡിഎംകെയുടെ ഇടപെടല്‍. നിലവില്‍ അധികാരത്തിലുള്ള പാര്‍ട്ടി കാരണം ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഓരോ ദിവസവും ഓരോ പ്രശ്നങ്ങളാണ് ഉയര്‍ന്നുവരുന്നത്. പവര്‍കട്ടാണ് അതിലൊരു പ്രശ്നം. അവശ്യസാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് പറയേണ്ടതില്ലല്ലോയെന്ന് ഉദയനിധി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തിയാല്‍ മുഖ്യമന്ത്രിക്ക് ഉത്തരമില്ല. മറുപടിയില്ലാത്തതിനാല്‍ ഡിഎംകെയ്ക്കും തങ്ങളുടെ നേതാവിനുമെതിരെ അവര്‍ അപകീര്‍ത്തീകരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
Content Highlights- Tamil Nadu Deputy Chief Minister Udhayanidhi Stalin criticised actor and politician Vijay, describing him as a dummy chief minister