തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ CPIM; ഉപതെരഞ്ഞടുപ്പില്‍ ഒരു സഖ്യത്തെയും പിന്തുണച്ചേക്കില്ല

സിപിഐഎം എംഎല്‍എ മാരുടെ കൂടി പിന്തുണയിലാണ് വിജയ് കേവലഭൂരിപക്ഷം തികച്ചത്

ചെന്നൈ: തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി സിപിഐഎം. ടിവികെക്കും ഡിഎംകെക്കും പിന്തുണ നല്‍കില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. മണ്ഡലങ്ങളില്‍ നിലവില്‍ ഡിഎംകെയും ടിവികെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തമാസം ആറിനാണ് തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിവികെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് തീരുമാനം. സിപിഐഎം എംഎല്‍എ മാരുടെ കൂടി പിന്തുണയിലാണ് വിജയ് കേവലഭൂരിപക്ഷം തികച്ചത്.

വിജയ് സകര്‍ക്കാരിന് കേവല ഭൂരിപക്ഷം തികയ്ക്കുന്നതിന് സഹായിക്കാനായി ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് സിപിഐഎം ടിവികെയെ പിന്തുണച്ചിരുന്നത്. തൃച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളിലെ സീറ്റ് ഒഴിവ് വന്നത്. രാജിവെച്ച എംഎല്‍എമാര്‍ തന്നെയാണ് ഇവിടെ ടിവികെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ എന്ത് തീരുമാനം വേണം എന്നതിനെ സംബന്ധിച്ച് സിപിഐഎമ്മില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു എന്നാണ് വിവരം.

ടിവികെക്കൊപ്പം നില്‍ക്കണോ എന്നതില്‍ ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ വേണ്ട എന്ന അഭിപ്രായത്തിലേക്കാണ് സിപിഐഎം എത്തിയത്. സഖ്യ യോഗം കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്നപ്പോഴും ടിവികെ മന്ത്രിമാര്‍ സിപിഐഎമ്മിനെ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സിപിഐഎം തീരുമാനിച്ചത്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം വരാതിരിക്കാന്‍ മാത്രം കേവല ഭൂരിപക്ഷം ടിവികെക്ക് ലഭിക്കാനായി പുറത്ത് നിന്ന് പിന്തുണയ്ക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നാണ് സിപിഐഎമും സിപിഐയും സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇരു പാര്‍ട്ടികള്‍ക്കും രണ്ട് എംഎല്‍എമാര്‍ വീതമാണ് ഉള്ളത്.

Content Highlights: The CPI(M) Tamil Nadu state committee has decided to contest independently in the Madurantakam and Dharapuram constituencies, ruling out support for either DMK or TVK. Both parties have already announced candidates in the constituencies. The decision comes after TVK stayed away from an alliance meeting, while Vijay reportedly secured a simple majority with the support of CPI(M) MLAs.

To advertise here,contact us