ന്യഡല്‍ഹി: ആംആദ്മി പാര്‍ട്ടി തന്റെ മുന്‍ കാമുകിയെ പോലെ പെരുമാറുന്നെന്ന പരിഹാസവുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ. ഡല്‍ഹി വോട്ടര്‍ പട്ടികയില്‍ രാഘവ് ഛദ്ദയുടെ പേര് എങ്ങനെ വന്നു എന്ന ആംആദ്മി പാര്‍ട്ടിയുടെ ചോദ്യങ്ങള്‍ക്കിടെയായിരുന്നു എംപിയുടെ മറുപടി. പഴയ ബന്ധം വിട്ടുപോകാന്‍ കഴിയാത്ത മുന്‍ കാമുകിയെ പോലെയാണ് എഎപി എന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിക്ക് ഇപ്പോഴും തന്നെക്കുറിച്ച് മാത്രമാണ് ചിന്തയെന്നും രാഘവ് ഛദ്ദ പരിഹസിച്ചു. തന്നില്‍ നിന്ന് വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ ചിലപ്പോള്‍ അവര്‍ കൈഞരമ്പ് അറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചേക്കാമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍ രാഘവ് ഛദ്ദയുടെ പേര് ചേര്‍ത്ത നടപടിക്രമങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ആംആദ്മി പാര്‍ട്ടി വ്യക്തത തേടിയതിന് പിന്നാലെയാണ് എംപിയുടെ പരാമര്‍ശം ഉണ്ടായത്. ബന്ധപ്പെട്ട 'ഫോം 6' പരസ്യപ്പെടുത്തണമെന്നും, അതിന്മേല് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എപ്പോള്‍ എവിടെയാണ് രാഘവ് ചദ്ദ ഫോം 6 പ്രകാരമുള്ള അപേക്ഷ നല്‍കിയതെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് വ്യക്തമാക്കണെന്ന് എഎപി ദേശീയ മാധ്യമ ചുമതലയുള്ള അനുരാഗ് ദണ്ഡ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 1-നും 7-നും ഇടയില്‍ ലഭിച്ച 'ഫോം 6' അപേക്ഷകളില്‍ ഛദ്ദയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ലെന്ന് രാജീന്ദര്‍ നഗര്‍ നിയമസഭാ മണ്ഡലത്തിലെ രേഖകള്‍ ചൂണ്ടിക്കാട്ടി ദണ്ഡ അവകാശപ്പെട്ടു.
ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 746-ാം നമ്പര്‍ വരെ മാത്രമേ വിവരങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നവംബര്‍ 4-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ 747-ാം നമ്പറായി ചദ്ദയുടെ പേര് എങ്ങനെ വന്നുവെന്ന് ദണ്ഡ ചോദ്യം ചെയ്തു. ഛദ്ദ ഡല്‍ഹിയില്‍ ഫോം 6 സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, ഏതൊരു സാധാരണ പൗരന്റെ കാര്യത്തിലുമെന്നപോലെ തിരഞ്ഞെടുപ്പ് കമ്മീഷന് അത് പരസ്യപ്പെടുത്തുകയും ആളുകള്‍ക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുകയും വേണം എന്നാണ് ദണ്ഡ ആവശ്യപ്പെട്ടത്.
Content Highlights: BJP Rajya Sabha MP Raghav Chadha took a dig at the AAP amid questions over his inclusion in the Delhi voter list, comparing the party to a former girlfriend unable to move on. He said AAP was still focused on him and responding to the controversy over his voter registration. The Delhi poll body has said Chadha filed Form 6 on August 26 and that his application was approved on September 2 following due procedure.