ഹജ്ജിന് പുറപ്പെട്ട ദമ്പതികളുടെ മൂന്ന് ലക്ഷം രൂപ ബസിൽ നഷ്ടപ്പെട്ടു, തിരികെ നല്‍കി കണ്ടക്ടര്‍

തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ കണ്ടക്ടര്‍ സരിതയെ പ്രശംസിച്ച് ഒരു പോസ്റ്റും എക്‌സില്‍ പങ്കുവച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ തെലങ്കാന ആർടിസി ബസില്‍ മറന്നുവെച്ച മൂന്ന് ലക്ഷം രൂപ ഉടമസ്ഥരായ ദമ്പതികള്‍ക്ക് മടക്കിനല്‍കി മാതൃകയായി കണ്ടക്ടര്‍. ഹജ്ജിന് പോകാനായി ഹൈദരാബാദിലെത്തിയ ദമ്പതികളുടെ പണമടങ്ങുന്ന ബാഗ് വനിതാ കണ്ടക്ടറായ സരിതയുടെ ശ്രദ്ധയിലാണ് പെട്ടത്. ഷാദ്‌നഗര്‍ ആസ്ഥാനമായി വ്യവസായം നടത്തുന്ന ജഹാംഗീറും ഭാര്യയും സെപ്റ്റംബർ അഞ്ചിനാണ് ഹൈദരാബാദിലെത്തിയത്. യാത്രയ്ക്കിടെ അഫ്‌സല്‍ഗുനി എത്തിയപ്പോൾ ഇരുവരും ബസില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് ഇവര്‍ നമ്പള്ളിയിലേക്ക് പോയി. ഈ സമയത്താണ് പണം ബസില്‍ വച്ച് മറന്നതായി ഇവർ മനസിലാക്കിയത്. തുടർന്ന് ദമ്പതികൾ പെട്ടെന്ന് തന്നെ ബസ് സ്റ്റാന്‍ഡിലേക്ക് തിരികെ പോയി.

ബാഗ് അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. അതേസമയം ബസ് കണ്ടക്ടര്‍ സരിത ബാഗ് കണ്ട ഉടന്‍ തന്നെ വിവരം ഡ്രൈവര്‍ നരസിംഹുലുവിനെ അറിയിച്ചിരുന്നു. ഇരുവരും ഉടമസ്ഥന്‍ അന്വേഷിച്ച് വരുന്നത് വരെ പണം ഭദ്രമായി സൂക്ഷിച്ചു. ബസ് സ്റ്റാന്‍ഡിലെത്തിയ ജഹാംഗീര്‍ പണം അന്വേഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സരിതയും നരസിംഹുലുവും കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം പണം ദമ്പതികള്‍ക്ക് കൈമാറി. സംഭവം പുറത്തറിഞ്ഞതോടെ ജീവനക്കാര്‍ക്ക് അഭിനന്ദന പ്രവാഹമായി. തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ കണ്ടക്ടര്‍ സരിതയെ പ്രശംസിച്ച് ഒരു പോസ്റ്റും എക്‌സില്‍ പങ്കുവച്ചു.

പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും ജോലി ചെയ്യുന്നത് അംഗീകരിക്കേണ്ട കാര്യമാണ്. ആര്‍ടിസി ജീവനക്കാര്‍ പൊതുജനത്തെ ദൈന്യംദിനം സേവിക്കുന്നത് സഹാനുഭൂതിയോടെയാണ്. സംഘടനയ്ക്ക് ഇത്തരം ജീവനക്കാരുടെ വിശ്വാസ്യത ഉണ്ടാകുന്ന മതിപ്പ് വലുതാണ്. സ്വാര്‍ത്ഥതയില്ലാതെ യാത്രികന് അദ്ദേഹത്തിന്റെ പണം തിരികെ നല്‍കിയ സരിതയെ അഭിനന്ദിക്കുന്നുവെന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ മന്ത്രി പറഞ്ഞു.

Content Highlights: A Telangana bus conductor returned Rs 3 lakh that a couple travelling for Hajj had lost. The conductor found the cash and ensured it was returned to the couple before their journey.

To advertise here,contact us