'നെഞ്ചിലെ മെഡലുകള്‍ പോലെ'; ശുദ്ധീകരണ വിവാദത്തില്‍ തനിക്കെതിരെ കേസെടുത്തതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച സ്ഥലത്ത് നടത്തിയ ശുദ്ധീകരണ ചടങ്ങിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തനിക്കെതിരായ കേസുകള്‍ നെഞ്ചിലെ മെഡലുകള്‍ പോലെയാണെന്ന് രാഹുല്‍ ഗാന്ധി. ദളിതര്‍ക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഉത്തരാഖണ്ഡ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പ്രതികരണം. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച സ്ഥലത്ത് നടത്തിയ ശുദ്ധീകരണ ചടങ്ങിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

ഓഗസ്റ്റ് 10ന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ശുദ്ധീകരണ ചടങ്ങിനെതിരെ പൊലീസ് ഇതുവരെ നടപടിയൊന്നും ആരംഭിച്ചിട്ടില്ല. എന്നാല്‍ ഓഗസ്റ്റ് 29ന് കോണ്‍ഗ്രസ് അധ്യക്ഷനെ പിന്തുണച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ജാതിയെ സൂചിപ്പിക്കുന്നതും ദളിതരെ അപമാനിക്കുന്നതുമാണ് എന്ന് ആരോപിച്ച് അമിത് കുമാര്‍ എന്നയാൾ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

'കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടേയിരിക്കൂ, മെഡലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എനിക്കെതിരായ എല്ലാ കേസുകളും എന്റെ നെഞ്ചിലെ മെഡലുകളാണ്,' രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദളിതരെക്കുറിച്ചുള്ള തന്റെ പ്രസംഗങ്ങളുടെയും തനിക്കെതിരായ കേസുകളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ഖര്‍ഗെയോട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാണിച്ച അനീതിക്കും രാഹുല്‍ ഗാന്ധിക്കെതിരായ എഫ്ഐആറിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സര്‍ക്കുലര്‍ നല്‍കി.

'കള്ളന്‍ കള്ളനെ കള്ളന്‍ എന്ന് വിളിക്കുന്നതുപോലെയാണ് ഇത്' എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. ബിജെപി ഈ ജാതീയ അധിക്ഷേപത്തെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത് കൂടുതല്‍ ഗുരുതരമാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചു. ഖര്‍ഗെ നേരിട്ട 'തൊട്ടുകൂടായ്മയ്ക്കും അപമാനത്തിനുമെതിരെ' നടപടി ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രാഹുലിനെതിരായ കേസിനെ വിമര്‍ശിച്ചു. ഖര്‍ഗെ നേരിട്ട തൊട്ടുകൂടായ്മയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത് ഏകാധിപത്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദളിതര്‍ക്കെതിരായ തൊട്ടുകൂടായ്മയും വിവേചനവും തുടരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. അതിനെതിരെ സംസാരിക്കുന്നവരെ ഉപദ്രവിക്കുകയും ലക്ഷ്യമിടുകയും ചെയ്യുന്നു. ദളിതരുടെ താല്‍പര്യത്തിനായി ബിജെപി എന്തുകൊണ്ടാണ് ഇതുവരെ അര്‍ഥവത്തായ ഒരു നടപടിയും സ്വീകരിക്കാത്തത്? തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് എന്തുകൊണ്ടാണ് ഒരിക്കല്‍ പോലും ഒരു പ്രചാരണം നടത്താത്തത് എന്നും ഗെലോട്ട് ചോദിച്ചു.

Content Highlights: Rahul Gandhi calls the FIR against him a “medal on my chest” as Congress steps up protests over the alleged casteist remarks and the purification ceremony held at Mallikarjun Kharge’s rally venue in Uttarakhand

To advertise here,contact us