UP മുഖ്യമന്ത്രി ആകണമെങ്കില്‍ അഖിലേഷ് യാദവ് അസദുദ്ദീന്‍ ഉവൈസിയെ പിന്തുണയ്ക്കണം; എഐഎംഐഎം

ഉവൈസിയില്ലാതെ യാദവിന്റെ രാഷ്ട്രീയ തന്ത്രം അപൂര്‍ണ്ണമായിരിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആകണമെങ്കില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസദുദ്ദീന്‍ ഉവൈസിയെ പിന്തുണയ്ക്കണമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് ഷദബ് ചൗഹാന്‍ പറഞ്ഞു. ഉവൈസിയില്ലാതെ യാദവിന്റെ രാഷ്ട്രീയ തന്ത്രം അപൂര്‍ണ്ണമായിരിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവെക്കുന്ന 'പിഛ്ഡ, ദളിത്, അല്‍പ്സംഖ്യക്' (പിഡിഎ) എന്ന ആശയത്തിലെ 'എ' എന്നത് അസദുദ്ദീന്‍ ഒവൈസിയെയാണ് സൂചിപ്പിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യാദവിന്റെ രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചും പ്രതിപക്ഷത്തിന്റെ സാധ്യതകളെക്കുറിച്ചും ഉപദേശം നല്‍കുന്നതിനിടെയാണ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതിന് തങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കണമെന്ന് മുസ്ലിംകള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സാമൂഹിക വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതിനിടയിലാണ് എഐഎംഐഎം നേതാവിന്റെ ഈ പരാമര്‍ശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ തന്ത്രം രൂപീകരിക്കാനാണ് സമാജ്‌വാദി പാര്‍ട്ടി ശ്രമിക്കുന്നത്. അഖിലേഷ് യാദവിനെ സംബന്ധിച്ചിടത്തോളം എഐഎംഐഎം ഒരു പ്രധാന രാഷ്ട്രീയ ബദലായി തുടരുന്നുവെന്നും ചൗഹാന്‍ അവകാശപ്പെട്ടു. എസ്പി അധ്യക്ഷന്‍ തന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒവൈസിയുടെ പാര്‍ട്ടിയുമായുള്ള സഹകരണം അനിവാര്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ ഭാഗമായിരുന്നിട്ടും ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) പ്രശംസിക്കുന്നുവെന്ന് ആരോപിച്ച് ചൗഹാന്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിനെയും വിമര്‍ശിച്ചു. ഭരണകക്ഷിയുമായി യഥാര്‍ത്ഥത്തില്‍ കൈകോര്‍ത്തുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മസൂദ് ബിജെപിയെ പ്രശംസിക്കുന്നതെന്നായിരുന്ന അദ്ദേഹം പറഞ്ഞത്. അഖിലേഷ് യാദവിന്റെ വോട്ട് ബാങ്കിലെ ചില വിഭാഗങ്ങള്‍ ബിജെപിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ചൗഹാന്‍, അദ്ദേഹം സ്വന്തം അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ നേടുന്നതിനായുള്ള രാഷ്ട്രീയ മത്സരം തുടരുന്നുവെന്നതിലേക്കാണ് ഈ പരാമര്‍ശങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ എഐഎംഐഎം നേരത്തെ ശ്രമിച്ചിരുന്നു. അതേസമയം, ബിജെപിക്കെതിരായ പ്രധാന പ്രതിപക്ഷ ശക്തിയായി സമാജ്‌വാദി പാര്‍ട്ടി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ ഐക്യത്തെയും വോട്ടുകളുടെ ഏകീകരണത്തെയും കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകളില്‍ ചൗഹാന്റെ പരാമര്‍ശങ്ങള്‍ പുതിയൊരു മാനം കൂടി നല്‍കിയേക്കാം എന്നും നിഗമനമുണ്ട്.

Content Highlights: AIMIM leader Shadab Chauhan has said Samajwadi Party chief Akhilesh Yadav needs Asaduddin Owaisi’s support for his political strategy in Uttar Pradesh. Chauhan argued that the SP’s PDA framework should also reflect Owaisi’s political presence and said the AIMIM leader could play an important role in the state’s political calculations.

To advertise here,contact us