ജെൻ സികളെ ലക്ഷ്യമിട്ട് ബിജെപി; യുവജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ചെറുകൂട്ടായ്മകൾ സംഘടിപ്പിക്കും

നിതിൻ നബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയിലെ യുവ നേതാക്കൾ പങ്കെടുത്തു

ന്യൂഡൽഹി: ജെൻ സികളെ ലക്ഷ്യമിട്ട് ബിജെപി. യുവജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ചെറുകൂട്ടായ്മകൾ സംഘടിപ്പിക്കും. വൻകിട റാലികളേക്കാൾ ഗുണം ചെറുകൂട്ടായ്മകൾക്കാണ് എന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽക്കണ്ടാണ് നീക്കം. ബിജെപി അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയിലെ യുവ നേതാക്കൾ പങ്കെടുത്തു.

ബിജെപി നേതാക്കള്‍, സംഘടനാ തലങ്ങളില്‍ നിന്നുള്ള യുവമുഖങ്ങള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് തവ്ഡെ, കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ, എംപിമാരായ രവി കിഷന്‍, അനുരാഗ് താക്കൂര്‍, തേജസ്വി സൂര്യ, സന്ദീപ് പഥക്, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി, ഛത്തീസ്ഗഢ് ധനകാര്യമന്ത്രി ഒ പി ചൗധരി, ബിജെവൈഎം മേധാവി ഹേമാങ് ജോഷി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലെ യുവാക്കളിലേക്ക് എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ തേടുന്നതിനാണ് പ്രധാനമായും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ ഭാവി ദർശനത്തിന്റെ കേന്ദ്രബിന്ദുവായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷം ആഘോഷിക്കുമ്പോൾ രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം എടുക്കാൻ അവരോട് ആഹ്വാനം ചെയ്തതായും വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അഹമ്മദാബാദിൽ നടന്ന ഫാം ഇന്നോവ അവാർഡ് ദാന ചടങ്ങ്-2026 നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു യുവാക്കളെ പുകഴ്ത്തി അമിത് ഷാ രംഗത്തെത്തിയത്.

Content Highlights: BJP chief Nitin Nabin chairs key meeting on youth outreach in Delhi

To advertise here,contact us