ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്ഗ്വിന് ഇന്ത്യ പിന്മാറിയതില് നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത്. മോദി സര്‍ക്കാര്‍ പ്രസാധകരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ആരോപിച്ചു. നരേന്ദ്ര മോദി, ആര്‍എസ്എസ്, ചൈന ഇന്ത്യന്‍ അതിര്‍ത്തി കയ്യേറല്‍ എന്നീ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ പെന്ഗ്വിനുമേല് സമ്മര്‍ദ്ദമുണ്ടായി. ഇന്ത്യയില്‍ മാത്രമാണ് പെന്ഗ്വിന് മാറ്റങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും ഗെഹ്ലോട്ട് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ പുസ്തകം വായിക്കുന്നതിനെ ഭയപ്പെടുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗെഗോയിയും ആരോപിച്ചു.
അതേസമയം, പെന്ഗ്വിന് റാന്‍ഡം ഹൗസിന്റെ പിന്മാറ്റത്തെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ വെള്ളിയാഴ്ച രംഗത്തെത്തി. സോണിയ ഗാന്ധിയുടെ ഓര്മകളാണോ പരിശോധിക്കേണ്ടത്, അതോ 'വസ്തുതയും ഭാവനയും തമ്മിലുള്ള മങ്ങിയ അതിര്‍ത്തിയാണോ' പരിശോധിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധി തന്നെ രചിച്ച ആത്മകഥയെ പ്രസാധകര് വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്നത് കൗതുകകരമാണ് എന്ന് മാളവ്യ പറഞ്ഞു. 'ഒരു പ്രസാധകന് എഴുത്തുകാരി സ്വയം എഴുതിയ ആത്മകഥയുടെ വസ്തുതകള്‍ പരിശോധിക്കേണ്ടി വരികയാണെങ്കില്‍, യഥാര്‍ത്ഥത്തില്‍ എന്താണ് വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കിയത്? എന്നത് പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകത്തിൻ്റെ പ്രസാധനത്തിൽ നിന്ന് പെന്ഗ്വിന് ഇന്ത്യ പിന്മാറിയതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും വേണമെന്ന പെന്‍ഗ്വിന്റെ അവശ്യം സോണിയാ ഗാന്ധി തള്ളിയ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ പിന്മാറ്റം എന്നായിരുന്നു റിപ്പോർട്ട്. പുസ്തകം പുറത്തിറക്കാനായി നിരവധി ഇന്ത്യന്‍ പ്രസാധകര് രംഗത്തുണ്ട്.
എന്നാൽ സോണിയ ഗാന്ധിയുടെ പുസ്തകത്തിന്റെ പ്രസാധകര് തങ്ങളല്ലെന്ന് പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍. എഡിറ്റോറിയല്‍ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ സോണിയ ഗാന്ധി തയ്യാറാകാത്തതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പ്രസാധകര് നിഷേധിച്ചു.
Content Highlights: Amit Malviya questioned the fact-checking of Sonia Gandhi’s memoir, while Penguin Random House India denied publishing the book or dropping it over editorial disagreements