കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് തിരുകി ജനം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലാണ് സംഭവമുണ്ടായത്

മുംബൈ: കടയുടമയെ സംരക്ഷിക്കാനായി കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഉദ്യോഗസ്ഥനുനേരെ വ്യത്യസ്ത പ്രതിഷേധവുമായി നാട്ടുകാര്‍. ഉദ്യോഗസ്ഥന്റെ വായില്‍ കാലാവധി കഴിഞ്ഞബിസ്‌ക്കറ്റ് തിരുകിയാണ് ജനക്കൂട്ടം അമര്‍ഷം രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഒരു കടയില്‍ നിന്നും ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ കുടുംബം പരാതി നല്‍കി. പിന്നാലെ സംഭവം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥന്‍ വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് ജനം ആരോപിച്ചു.

പരിശോധനയില്‍ കടയില്‍ നിന്നും കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ കണ്ടെത്തിയെന്നും വിവരമുണ്ട്. എന്നാല്‍ കടയുടമയ്‌ക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ജനക്കൂട്ടം ഉദ്യോഗസ്ഥനുനേരെ തിരിഞ്ഞത്. 'നിങ്ങള്‍ തന്നെ കഴിക്കൂ' എന്ന് ആളുകള്‍ ആക്രോശിച്ചുകൊണ്ട് ബിസ്‌കറ്റ് വായില്‍ തിരുകുകയായിരുന്നു.

മഹാരാഷ്ട്ര എഫ്ഡിഎ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഈ സംഭവം. സമീപ ആഴ്ചകളില്‍ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍, കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയ്ക്കെതിരെ ഉദ്യോഗസ്ഥര്‍ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.

Content Highlights: Locals staged an unusual protest against an FDA official accused of accepting a bribe to protect a shop owner, using expired biscuits as part of the protest

To advertise here,contact us