ബെംഗളൂരുവിൽ റോഡരികിലെ പാര്‍ക്കിങ്ങിന് വര്‍ഷം 25,000 രൂപ ഫീസ്; തീരുമാനത്തെ എതിര്‍ത്ത് മന്ത്രി

ബെംഗളൂരുവിലെ റെസിഡന്‍ഷ്യന്‍ മേഖലകളിലെ പൊതുറോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും വാര്‍ഷിക ഫീസായി 25,000 രൂപ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റെസിഡന്‍ഷ്യന്‍ മേഖലകളിലെ പൊതുറോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും വാര്‍ഷിക ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് മന്ത്രി രാമലിംഗ റെഡ്ഡി. വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് കത്ത് നല്‍കി. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും 15,000-25,000 രൂപ ഫീസായി ഈടാക്കാനാണ് സർക്കാർ തീരുമാനം.

സ്വന്തമായി സ്ഥലമുള്ളവർക്ക് അവരുടെ സ്വന്തം സ്ഥലങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാം. എന്നാൽ, നഗരത്തിൽ മിക്ക മധ്യവർ​ഗ കുടുംബങ്ങളും താമസിക്കുന്നത് അപ്പാർട്ട്മെന്റുകളിലും പഴയ കെട്ടിടങ്ങളിലുമാണ്. ഇവിടങ്ങളിൽ പാർക്കിങ് സൗകര്യം പരിമിതമാണ്. ഇവരിൽനിന്ന് വാർഷിക പാർക്കിങ് ഫീസ് കൂടി ഈടാക്കുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ നിർദേശം നടപ്പിലാക്കുമ്പോൾ താമസസ്ഥലത്ത് പാർക്കിങ് സൗകര്യമില്ലാത്തവരെ അതിൽനിന്ന് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നഗരത്തില്‍ വീടിന് പുറത്ത് പൊതു റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പണം ഈടാക്കണം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കോപ്പറേഷനുകള്‍ക്ക് റസിഡന്‍ഷ്യല്‍ പാര്‍ക്കിങ് പെര്‍മിറ്റ് ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കികൊണ്ട് സര്‍ക്കാര്‍ ബെംഗളൂരു ഏരിയ ചട്ടം പുറത്തിറക്കിയിരുന്നു.

ഇതില്‍ കാറിന്റെ മോഡൽ അടിസ്ഥാനമാക്കിയാണ് ഫീസ് നിശ്ചയിച്ചുരുന്നത്. എന്നാൽ നഗരങ്ങള്‍ അനുവദിച്ച റെസിഡെന്‍ഷ്യല്‍ പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചിട്ടുള്ളവര്‍ക്കു മാത്രമേ റോഡരികില്‍ വാഹനം നിര്‍ത്തിയിടാന്‍ സാധിക്കൂ. കെട്ടിട നിര്‍മാണ നിയമങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ഈ പെര്‍മിറ്റ് ലഭിക്കുകയും ചെയ്യൂ. പെര്‍മിറ്റ് ഇല്ലാത്ത വീടിനരികിലെ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും. നഗരത്തിലെ അനധികൃത പാര്‍ക്കിങും റോഡുകള്‍ കയ്യേറി ദീര്‍ഘനാളത്തേക്ക് പലരും വാഹനം നിര്‍ത്തിയിടുന്നതും തടയാനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ശ്രമം. ഇതിലൂടെ ഗതാഗത കുരുക്ക് കുറക്കാനാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

Content Highlight : ₹25,000 annually for roadside parking; Minister opposes the decision

To advertise here,contact us