സ്‌പൈസ്ജെറ്റ് തെറ്റായ വിവരം പ്രചരിപ്പിക്കുന്നു; കൊച്ചിയിൽ കാലാവസ്ഥ അനുകൂലമെന്ന് സിയാൽ

കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മറ്റൊരു എയര്‍ലൈനും കാലാവസ്ഥയെ തുടര്‍ന്ന് ഇത്തരം തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിയാല്‍

കൊച്ചി: കൊച്ചിയില്‍ മോശം കാലാവസ്ഥയുണ്ടായിരുന്നില്ലെന്നും സ്‌പൈസ്ജെറ്റിന്റെ സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാലാവസ്ഥ കാരണമല്ലെന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) വ്യക്തമാക്കി. കാലാവസ്ഥ കാരണമായി ചൂണ്ടിക്കാട്ടി സ്‌പൈസ്ജെറ്റ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സിയാല്‍ ആരോപിച്ചു.

'കൊച്ചിയിലെ മോശം കാലാവസ്ഥ കാരണം എല്ലാ പുറപ്പെടലുകളും എത്തിച്ചേരലുകളും അതുമായി ബന്ധപ്പെട്ട തുടര്‍ സര്‍വീസുകളെയും ബാധിക്കുമെന്ന് സ്‌പൈസ്ജെറ്റ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. യാത്രക്കാര്‍ വിമാനത്തിന്റെ സമയക്രമം പരിശോധിക്കണമെന്നും സ്‌പൈസ്ജെറ്റ് നിര്‍ദേശിച്ചിരുന്നു. കൊച്ചിയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ സ്‌പൈസ്ജെറ്റിന്റെ സര്‍വീസുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രവര്‍ത്തന തടസ്സങ്ങള്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതായി സിയാല്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ സ്‌പൈസ്‌ജെറ്റ് നേരിടുന്ന തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ സിയാലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ സര്‍വീസ് തടസ്സപ്പെടാന്‍ കാരണമാകുന്ന തരത്തിലുള്ള പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മറ്റൊരു എയര്‍ലൈനും കാലാവസ്ഥയെ തുടര്‍ന്ന് ഇത്തരം തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിയാല്‍ പറഞ്ഞു.

തുടര്‍ച്ചയായി യാത്രക്കാരുടെ പരാതികള്‍ ഉയര്‍ന്നിട്ടും സ്‌പൈസ്ജെറ്റ് പ്രശ്‌നങ്ങള്‍ വേണ്ടത്ര പരിഹരിച്ചിട്ടില്ലെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥിതി കൂടുതല്‍ വഷളായെന്നും സിയാല്‍ ആരോപിച്ചു. സര്‍വീസ് തടസ്സപ്പെട്ടത് ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കാന്‍ സിയാല്‍ എല്ലാ ശ്രമങ്ങളും നടത്തിയതായി കമ്പനി വ്യക്തമാക്കി. സ്‌പൈസ്ജെറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സമയക്രമം വീണ്ടും പരിശോധിക്കണമെന്ന് സിയാല്‍ നിര്‍ദേശിച്ചു.

Content Highlights: CIAL says bad weather did not cause SpiceJet disruptions in Kochi, accusing the airline of spreading misinformation

To advertise here,contact us