ദില്ലി: കേരളത്തെ കുറ്റപ്പെടുത്തി സുപ്രീം കോടതിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേരളം നിരന്തരം തടസ്സം നില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും സി ജോസഫ് വിജയ് സര്‍ക്കാർ. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം നിസഹകരിക്കുന്നു. അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരളം സഹകരിക്കുന്നില്ല. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതില്‍ കേരളം തടസം നില്ക്കുന്നു. വൃഷ്ടി പ്രദേശത്തെ മഴ, വെള്ളപ്പൊക്കം തുടങ്ങിയവയുടെ തത്സമയ വിവരങ്ങള്‍ കേരളം നല്കുന്നില്ലെന്നുമാണ് തമിഴ്നാടിന്റെ പരാതി. എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ കേരളത്തിന് അലംഭാവമെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു.
ബേബി ഡാം, എര്‍ത്ത് ഡാം എന്നിവ ബലപ്പെടുത്തുന്നതിനും പ്രധാന ഡാമിലെ ഗ്രൗട്ടിങ് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കേരളം സഹകരിക്കുന്നില്ല എന്നാണ് തമിഴ്നാടിന്റെ ആരോപണം. 136 അടിയായിരുന്ന അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ 2014ല്‍ സുപ്രിം കോടതി തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയാക്കാമെന്ന് 2006ലും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ നിലപാട് ഈ വിധികള്‍ നടപ്പിലാക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് തമിഴ്നാടിന്റെ വാദം.
ബേബി ഡാം ബലപ്പെടുത്തുന്ന ജോലികള്‍ വേഗത്തിലാക്കാന്‍ ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്ന് തമിഴ്നാട് സുപ്രിംകോടതിയില്‍ ആവശ്യപ്പെടുന്നു. ഡാമിലെ ഗ്രൗട്ടിങ് ജോലികള്‍ക്കുള്ള സാമഗ്രികളും യന്ത്രങ്ങളും എത്തിക്കുന്നതിനുള്ള അനുമതി നല്കാന് കേരളം ബോധപൂര്‍വ്വം കാലതാമസം വരുത്തുകയാണ്. വന്യജീവി ബോര്‍ഡിന്റെ അനുമതിയുണ്ടെന്ന് കേരളം കോടതിയില്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ആണ് തമിഴ്നാട് ഉയര്‍ത്തുന്ന വിമര്‍ശനം.
വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 87,64,000 രൂപ നല്കാന് 2025 നവംബറില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ഇതിനുള്ള തുക അനുവദിച്ചിട്ടും കേരളം ഇതുവരെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ല. ഡാമിന്റെ വൃഷ്ടിപ്രദേശത്തെ മഴ, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങള്‍ കേരളം പങ്കുവെക്കുന്നില്ല. എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നും ആണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തല്‍.
Content Highlights: Tamil Nadu has told the Supreme Court that Kerala is not cooperating in ensuring the safety of the Mullaperiyar Dam, amid the ongoing dispute between the two states over dam safety and maintenance.