'പരീക്ഷാ പരിഷ്‌ക്കാരത്തിന് പ്രഖ്യാപിച്ച ടാസ്‌ക് ഫോഴ്‌സില്‍ ഗോമൂത്ര വിദഗ്ധനും'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതിന് പിന്നാലെ തന്നെ അതില്‍ ഉള്‍പ്പെട്ട അംഗങ്ങളുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നിരുന്നു

ന്യൂഡല്‍ഹി: പരീക്ഷാ പരിഷ്‌ക്കാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ടാസ്‌ക് ഫോഴ്‌സിനെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി എംപി. ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ടാസ്‌ക് ഫോഴ്‌സിനെ പ്രിയങ്ക ഗാന്ധി ലക്ഷ്യംവെച്ചത്. രാജ്യത്തെ പരീക്ഷാ പരിഷ്‌ക്കാരത്തിന് വേണ്ടിയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്നും എന്നാല്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അംഗങ്ങള്‍ എന്ന് പറയുന്നത് ഐബി മുന്‍ തലവനും സ്വന്തമായി ഐടി കമ്പനിയുള്ള ആളും ഗോമൂത്ര വിദഗ്ധനുമാണ് എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷനും ഇന്‍ഫോസിസ് സഹ സ്ഥാപകനുമായ നന്ദന്‍ നിലേക്കനി, മറ്റ് അംഗങ്ങളായ ഐബി മുന്‍ തലവന്‍ തപന്‍ ദേഖ, മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി എന്നിവരെയാണ് പ്രിയങ്ക ലക്ഷ്യംവെച്ചത്. ഇതില്‍ കാമകോടിയെയാണ് ഗോമൂത്ര വിദഗ്ധന്‍ എന്ന് വിശേഷിപ്പിച്ചത്.

ഇക്കഴിഞ്ഞ 26-ാം തീയതിയായിരുന്നു പരീക്ഷാ പരിഷ്‌ക്കാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ചത്. നന്ദന്‍ നിലേക്കനിക്കും തപന്‍ ദേഖയ്ക്കും കാമകോടിക്കും പുറമേ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മലയാളിയുമായ എസ് സോമനാഥ്, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി അനിതാ കാർവാൾ, ലോജിസ്റ്റിക് വിദഗ്ധന്‍ അമൃത് ലാല്‍ മീണ എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങള്‍. ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതിന് പിന്നാലെ തന്നെ അതില്‍ ഉള്‍പ്പെട്ട അംഗങ്ങളുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതില്‍ പ്രധാനിയായിരുന്നു വി കാമകോടി. ഗോമൂത്രവുമായി ബന്ധപ്പെട്ട് കാമകോടി നടത്തിയ ഒരു പരാമര്‍ശം ഏറെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഗോമൂത്രം ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുമെന്നായിരുന്നു കാമകോടി മുന്‍പ് പറഞ്ഞത്. തൊലിപ്പുറത്തെ അലര്‍ജി മാറ്റാന്‍ ഗോമൂത്രം ഉത്തരമാണ്. കടുത്ത പനിബാധിതനായ സന്യായി ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിറ്റിനകം പനി പമ്പ കടന്നു. ദഹനക്കേടിനും ആമാശയ സംബന്ധമായ രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ് ഗോമൂത്രമെന്നും കാമകോടി പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായപ്പോഴും അതില്‍ നിന്ന് പിന്മാറാന്‍ കാമകോടി തയ്യാറായിരുന്നില്ല.

ഐബി മുന്‍ മേധാവി തപന്‍ ദേഖയ്ക്കും അനിത കാര്‍വാളിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തപന്‍ ദേഖ ഇന്റലിജന്‍സ് ശേഖരണത്തിന്റെ തലപ്പത്തുണ്ടായിരുന്ന സമയത്തായിരുന്നു പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്. ഇന്റലിജന്‍സ് ശേഖരണത്തിലെ വീഴ്ചകളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. അനിതാ കാര്‍വാള്‍ സിബിഎസ്ഇ ചെയര്‍മാനായിരുന്ന 2018ല്‍ ചോദ്യം ചേര്‍ന്ന സംഭമുണ്ടായിട്ടുണ്ട്. പത്താം ക്ലാസിലെ ഗണിതശാസ്ത്രത്തിന്റെയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യമായിരുന്നു അന്ന് ചോര്‍ന്നത്. 2022ല്‍ വിദ്യാഭ്യാസ സെക്രട്ടറിയായി വിമരിച്ച ഇവര്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നു

Content Highlights- Congress leader Priyanka Gandhi criticized the reported inclusion of a person described as a "gomutra expert" in the task force announced for exam reforms.

To advertise here,contact us