Gen Z വോട്ട് ആർക്ക്? CJP സമരത്തിന് ശേഷം ബിഹാറിലെ ശക്തികേന്ദ്രത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് BJPക്ക് നിർണായകം

ജൂലൈ 30നാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്. ഓ​ഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ

പട്ന: ഡൽഹിയിൽ സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ബിഹാറിലെ ബങ്കിപൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേയ്ക്ക് ഉറ്റുനോക്കി രാജ്യം. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉൾപ്പെടെ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ രാജ്യം മുഴുവൻ ച‍ർച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ ശക്തമാകുന്നത്. നരേന്ദ്ര മോദി സർക്കാരിന് തിരിച്ചടിയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യത്തിൽ കൂടിയാണ് ജെൻ സി വോട്ടർമാരുടെ വോട്ട് നിർണായകമായ ബങ്കിപൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദീർഘകാലമായി ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപൂരിനെ പ്രതിനിധീകരിച്ചിരുന്നത് ബിജെപിയുടെ ദേശീയ അധ്യക്ഷൻ നിതിൻ നബീനായിരുന്നു. നിതിൻ നബീൻ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതിനാൽ ബങ്കിപൂർ നിലനിർത്തുക എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. ജൻ സുരാജ് പാർട്ടിയുടെ ലേബലിൽ പ്രശാന്ത് കിഷോർ ബങ്കിപൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതാണ് മറ്റൊരു സവിശേഷത.

യുവ വോട്ടർമാരുടെ സ്വാധീനമാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിഹാറിലെ പ്രധാനപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം കൂടിയാണ് ബങ്കിപൂർ. പട്ന സർവകലാശാല, എൻഐടി പട്ന, ബി എൻ കോളേജ്, സയൻസ് കോളേജ്, എ എൻ കോളേജ്, ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രമുഖ പരിശീലന കേന്ദ്രങ്ങളും ഹോസ്റ്റലുകളും ഈ മണ്ഡലത്തിലാണ് പ്രവർത്തിക്കുന്നത്.

മണ്ഡലത്തിലെ ആകെയുള്ള 3.79 ലക്ഷം വോട്ടർമാരിൽ ഏകദേശം 1.20 മുതൽ 1.35 ലക്ഷം വരെ പേർ 18 മുതൽ 29 വയസ് വരെയുള്ളവരാണെന്നാണ് കണക്ക്. മണ്ഡലത്തിലെ ആകെ വോട്ടർമാരിൽ മൂന്നിലൊന്ന് വിഭാ​ഗത്തെയും ജെൻ സികൾ പ്രതിനിധാനം ചെയ്യുന്ന ബങ്കിപൂരിൽ രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യം ഉപതെരഞ്ഞെടുപ്പിനെ സ്വാധിനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾ യുവവോട്ടർമാരെ സ്വാധീനിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ ഉപയോ​ഗപ്പെടുത്തുന്ന സാഹചര്യത്തെ മറികടക്കാൻ ബിജെപി വിയർക്കേണ്ടിവരുമെന്ന് വിലയിരുത്തലുകളുണ്ട്. തൊഴിൽ, വിദ്യാഭ്യാസം, മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ തുടർച്ചയായി ഉയർത്തിക്കാട്ടുന്ന പ്രശാന്ത് കിഷോറിന് നിലവിലെ സാഹചര്യം രാഷ്ട്രീയ മുൻതൂക്കം നൽകുമെന്ന് വിലയിരുത്തലുകളുണ്ട്.

എന്നാൽ സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളും ശക്തമായ സംഘടനാ സംവിധാനവും ഉറച്ച വോട്ടുബാങ്കും മുൻനിർത്തിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. ബൂത്ത് തലം മുതലുള്ള സംഘടനാശേഷി ഉപയോ​ഗിച്ച് ബങ്കിപൂർ നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. വ്യാപാര സമൂഹം, മധ്യവർഗം, വർഷങ്ങളായി ബിജെപിയെ പിന്തുണയ്ക്കുന്ന വോട്ടർമാർ എന്നിവരുടെ ശക്തമായ സാന്നിധ്യവും ബങ്കിപൂരിൽ അനുകൂല ഘടകങ്ങളായി ബിജെപി കാണുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇടയാക്കുമെന്നും ബിജെപി കേന്ദ്രങ്ങൾ കണക്കാക്കുന്നുണ്ട്. ബിജെപിക്കാരനായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ബിഹാറിൽ നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് കൂടിയാണ് ബങ്കിപൂരിലേത്.

ജൂലൈ 30നാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്. ഓ​ഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ. യുവമോർച്ച നേതാവ് നീരജ് കുമാർ സിൻഹയെയാണ് ബിജെപി രംഗത്തിറക്കുന്നത്. നേരത്തെ അഭിഷേക് സിം​ഗ് സിൻഹയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും കുടുംബ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പിൻമാറുകയായിരുന്നു. സംഘപരിവാർ രാഷ്ട്രീയവുമായി ദീർഘകാലമായി അടുപ്പമുള്ള കുടുംബത്തിൽ നിന്ന് വരുന്ന നേതാവാണ് നീരജ് കുമാർ സിൻഹ. നീരജ് കുമാർ സിൻഹയ്ക്കും പ്രശാന്ത് കിഷോറിനും പുറമെ ആർജെഡിയുടെ രേഖാ കുമാരിയും ആർഎൽജെപിയുടെ തൻവീർ ആലമും ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരരം​ഗത്തുണ്ട്.

Content Highlights: The Bihar by-election has become a key political test for the BJP, with Gen Z voters emerging as a decisive factor following the CJP protest movement.

To advertise here,contact us