'വാങ്ചുക്ക് കിടക്കുന്ന ഐസിയുവിന് പുറത്ത് പോലും പൊലീസാണ്; എന്ത് അധികാരത്തിലാണിത് ചെയ്യുന്നത്?': ഗീതാഞ്ജലി

പൊലീസിന്റെ ജോലി പൗരന്മാരെ സംരക്ഷിക്കുകയും നിയമം പാലിക്കുകയും ചെയ്യുകയാണോ അതോ അധികാരത്തിലിരിക്കുന്നവര്‍ക്ക് വേണ്ടി പൗരന്മാരെ നിയന്ത്രിക്കുകയാണോ എന്നും ഗീതാഞ്ജലി ചോദിച്ചു

ന്യൂഡല്‍ഹി: നിരാഹാരം അവസാനിപ്പിച്ചിട്ടും സോനം വാങ്ചുക്ക് പൊലീസ് കസ്റ്റഡിയിലാണോ എന്ന ചോദ്യവുമായി ഭാര്യ ഗീതാഞ്ജലി അങ്‌മോ. ആശുപത്രിയുടെ ഗേറ്റിന് മുന്നിലും ലിഫ്റ്റിലും വാങ്ചുക്ക് കിടക്കുന്ന ഐസിയുവിന് പുറത്തുപോലും പൊലീസ് കാവല്‍ നില്‍ക്കുകയാണെന്നും ആര്‍ക്കൊക്കെ അകത്ത് കയറാം, വാങ്ചുക്കിനെ കാണാം, കാണരുത് എന്നെല്ലാം തീരുമാനിക്കുന്നത് അവരാണെന്നും ഗീതാഞ്ജലി ആരോപിച്ചു. കോടതി വാങ്ചുക്ക് തടങ്കലിലല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ പൊലീസ് ഇതെല്ലാം ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്ന് അവര്‍ ചോദിച്ചു. എക്‌സിലൂടെയാണ് ഗീതാഞ്ജലി ഇക്കാര്യം ചോദിച്ചത്.

'സഫ്ദര്‍ജംഗിലും ഇപ്പോള്‍ മെദാന്തയിലും എല്ലായിടത്തും പൊലീസാണ്. പ്രധാന ഗേറ്റിലും റിസപ്ഷനിലും ലിഫ്റ്റുകളിലും വരെ പൊലീസ്. വാങ്ചുക്കിന്റെ ഐസിയുവിന് പുറത്തും പൊലീസ്. ആര്‍ക്കൊക്കെ അദ്ദേഹത്തെ കാണാം എന്നും കാണരുതെന്നും അവരാണ് തീരുമാനിക്കുന്നത്. കോടതി അദ്ദേഹം തടങ്കലിലല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ എന്ത് അധികാരത്തിലാണ് പൊലീസ് ഇതെല്ലാം ചെയ്യുന്നത്? പ്രബുദ്ധമായ ഒരു ജനാധിപത്യത്തില്‍ പൊലീസിന്റെ ജോലി പൗരന്മാരെ സംരക്ഷിക്കുകയും നിയമം പാലിക്കുകയും ചെയ്യുകയാണോ അതോ അധികാരത്തിലിരിക്കുന്നവര്‍ക്ക് വേണ്ടി പൗരന്മാരെ നിയന്ത്രിക്കുകയാണോ? ഓരോ ഇന്ത്യക്കാരനും ചോദിക്കേണ്ട ചോദ്യങ്ങളാണിവ': ഗീതാഞ്ജലി അങ്‌മോ പറഞ്ഞു.

നിരാഹാരസമരം അവസാനിപ്പിച്ചതിന് പിന്നാലെ വാങ്ചുക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടും അവര്‍ പ്രതികരിച്ചു. വാങ്ചുക്കിനെ വിമര്‍ശിക്കാന്‍ തിടുക്കം കൂട്ടുന്നതിന് മുന്‍പ്, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ഒരു ലക്ഷ്യത്തിനുവേണ്ടി 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിന്റെ മഹത്വം മനസിലാക്കാന്‍ അല്‍പ്പം സമയം കണ്ടെത്തൂ എന്നാണ് ഗീതാഞ്ജലി പറഞ്ഞത്. സുഖസൗകര്യങ്ങള്‍ക്ക് പകരം ത്യാഗം തെരഞ്ഞെടുത്തതിന്റെ ഫലമായി 11 കിലോ ശരീരഭാരം കുറഞ്ഞ് അദ്ദേഹം ഇന്ന് ഐസിയുവില്‍ കഴിയുകയാണ്. നിങ്ങളുടെ പ്രതീക്ഷകളും രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും അദ്ദേഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് മുന്‍പ് അല്‍പ്പം കരുണ അദ്ദേഹത്തോട് കാണിക്കൂ എന്നും ഗീതാഞ്ജലി പറഞ്ഞു. സര്‍ക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതെന്ന തരത്തിലുളള വിമര്‍ശനങ്ങളാണ് ചാങ്ചുക്കിനെതിരെ ഉയര്‍ന്നത്. അതിനെതിരെ വാങ്ചുക്കും രംഗത്തെത്തിയിരുന്നു. തന്റെ സത്യസന്ധത തെളിയിക്കാന്‍ 26 ദിവസത്തെ കഠിനമായ നിരാഹാരം പോരെ എന്നാണ് അദ്ദേഹം വൈകാരികമായി ചോദിച്ചത്.

Content Highlights: Activists and family question police presence outside Sonam Wangchuk's ICU ward, asking under what authority restrictions are imposed if he is not officially under arrest.

To advertise here,contact us