മുഖം രക്ഷിക്കാന്‍ കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റത്തിന് നീക്കം, രാജിയിലുറച്ച് വിദ്യാര്‍ത്ഥികള്‍

ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായുള്ള ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റാന്‍ ബിജെപിയില്‍ ആലോചനയെന്ന് വിവരം. സധാരണ നിലയില്‍ ആരോപണമോ സമരമോ ഉയര്‍ന്നാല്‍ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കുന്ന നിലപാട് ബിജെപി സ്വീകരിക്കാറില്ല. ഈ സാഹചര്യത്തിലാണ് വകുപ്പ് മാറ്റി മുഖം രക്ഷിക്കാനുള്ള നീക്കം എന്നാണ് വിവരം. ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുന്നത് ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയുള്ള വിലയിരുത്തല്‍. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആര്‍എസ്എസും നിലപാടെടുത്തിരുന്നു.

എന്നാല്‍ പ്രധാന്റെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നാണ് സിജെപിയുടെ നിലപാട്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ വീണ്ടും പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് സിജെപി ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ഇന്നും പ്രതികരിച്ചു. കൂടാതെ ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റം ആണ് കേന്ദ്രം പരിഹാരമായി കാണുന്നതെങ്കില്‍ അതിനെ പ്രതിപക്ഷവും വിദ്യാര്‍ത്ഥികളും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരാഹാര സമരം അനുഷ്ഠിക്കുന്ന ഐസ അടക്കമുള്ള സംഘടനയിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പാറ്റ പാര്‍ട്ടിയുടെ രൂപീകരണത്തിന് കാരണമായ പ്രസ്താവനയില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രംഗത്ത് വന്നു. താന്‍ പാറ്റ എന്ന് വിളിച്ചത് വ്യാജ ബിരുദത്തിലൂടെ അഭിഭാഷകരാകുന്നവരെ കുറിച്ചാണെന്നും രാജ്യത്തെ യുവാക്കളെ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും സിജെപി ചര്‍ച്ചനടത്തുന്നുണ്ട്. ഇന്നലെ ചര്‍ച്ച നടന്നിരുന്നെങ്കിലും ധര്‍മേന്ദ്ര പ്രധാന്റെ രാജി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രം ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നാണ് സിജെപിയുടെ നിലപാട്.

ഇതിനിടെ റീലുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ മന്ത്രിമാര്‍ സജീവമാകണമെന്ന് മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു. യുവാക്കളോട് സംസാരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഇന്‍സ്റ്റാഗ്രാം ആണെന്നും മോദിചൂണ്ടിക്കാട്ടുന്നു. യുവാക്കള്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കണമെന്നും നിര്‍ദേശമുണ്ട്. സിജെപി പ്രതിഷേധനിടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദേശം.

ജന്തര്‍ മന്തറില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണം ഇല്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജന്തര്‍ മന്തറില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് പറയുന്നത്. പോലീസ് നിയന്ത്രണം കടുപ്പിക്കുന്നു എന്ന് സിജെപി ആരോപിച്ചിരുന്നു. ഓണ്‍ലൈന്‍ ടാക്സി ആപ്പുകള്‍ക്കും ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും നിയന്ത്രണമെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. അതേസമയം ജന്തര്‍ മന്തര്‍ പരിസരത്ത് ഇന്നും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരും. 18 മെട്രോ സ്റ്റേഷനുകളും രാവിലെ ഏഴ് മണിമുതല്‍ അടഞ്ഞു കിടക്കുകയാണ്.

Content Highlights: As protests demanding Union Education Minister Dharmendra Pradhan's resignation intensify, reports suggest the BJP is considering shifting his portfolio instead of seeking his resignation. Student organisations have rejected any compromise, while the Opposition and RSS have called for greater engagement with students and their concerns.

To advertise here,contact us