കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് ആശ്വാസം. എം പി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയം കോടതി പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു.
അനധികൃത നിര്‍മ്മിതിയാണെന്ന് ആരോപിച്ച് സൗത്ത് 24 പര്‍ഗാന ജില്ലയിലെ അംതാലയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടമാണ് പ്രാദേശിക ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ബുള്‍ഡോസര്‍ നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജിയുടെ കമ്പനി ലീപ്സ് ആന്റ് ബൗണ്ടസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിഷയം പരിഗണിക്കുന്ന റെഗുലര്‍ ബെഞ്ച് മുമ്പാകെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച കോടതി അവധിയായതിനാല്‍ പ്രത്യേക വാദം കേള്ക്കലിലൂടെയാണ് വിഷയം പരിഗണിച്ചത്.
ബുള്‍ഡോസര്‍ നടപടിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് പൊളിച്ചുനീക്കല്‍ നടപടിയെന്ന് ടിഎംസി ആരോപിച്ചു. നിയമവിരുദ്ധമായാണ് ബംഗാള്‍ പൊലീസ് പ്രവര്‍ത്തിച്ചതെന്നും ടിഎംസി ആരോപിച്ചു.
Content Highlights: pauses bulldozer action on Office Relief for Abhishek Banerjee In highcourt