കൂടംകുളം ആണവനിലയത്തിൽ വിവരച്ചോർച്ച; സുപ്രധാന ഫയലുകൾ ഡാർക്ക് വെബ്ബിൽ

ചോർന്ന വിവരങ്ങൾ റിലയൻസ് ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്നാണ് ഹാക്കർ സംഘം അവകാശപ്പെടുന്നതെന്നാണ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ വൈദ്യുത നിലയവുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകൾ ഡാർക്ക് വെബിൽ. കൂടംകുളവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ റാൻസംവെയർ ഹാക്കർ സംഘമായ വേൾഡ് ലീക്സ് പ്രസിദ്ധീകരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്ലാന്റിന്റെ ചില ഭാഗങ്ങളുടെ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, സാങ്കേതിക രേഖകൾ എന്നിവ ഉൾപ്പെടെ ഏകദേശം 19,000 ഫയലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങൾ റിലയൻസ് ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്നാണ് ഹാക്കർ സംഘം അവകാശപ്പെടുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോർ‌ട്ട്.

മൂന്നാംകക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ യോട്ട ഹോസ്റ്റ് ചെയ്യുന്ന ഒരു സെർവറിലാണ് ഭാഗികമായ ഡാറ്റാ ലംഘനം ഉണ്ടായതെന്ന് ആണവ നിലയത്തിന്റെ കരാറുകാരിലൊരാളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഏത് തരത്തിലുള്ള വിവരങ്ങളാണ് ചോർന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

2016 മുതൽ 2025 പകുതിവരെയുള്ള തീയതികളിലെ രേഖകൾ പരിശോധിച്ചെങ്കിലും അവയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നുണ്ട്. ബ്ലൂപ്രിന്റുകൾക്കും വിതരണക്കാരുടെ വിവരങ്ങൾക്കും പുറമേ, യോഗങ്ങളുടെ രേഖകൾ, പരിശോധനാ റിപ്പോർട്ടുകൾ, ഉപകരണങ്ങളുടെ വിലയിരുത്തലുകൾ, ഇൻഷുറൻസ് രേഖകൾ എന്നിവയും ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വേൾഡ് ലീക്സ് വെബ്സൈറ്റിൽ റിലയൻസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 8.58 ലക്ഷം ഫയലുകളിൽ ഏറ്റവും നിർണായകമായവയാണ് ഈ 19,000 ഫയലുകൾ എന്നാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) റിലയൻസുമായി ആശയവിനിമയം നടത്തുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) അന്വേഷണം ആരംഭിച്ചതായും വിഷയവുമായി ബന്ധപ്പെട്ട പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മെയ് 29-ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സെർവറിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയെന്നും അത് ഉടൻ തന്നെ തടഞ്ഞതായുമാണ് ഡാറ്റാ സെന്റർ സേവനദാതാവായ യോട്ട വ്യക്തമാക്കിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. റാൻസംവെയർ പ്രവർത്തനം തടയാൻ കഴിഞ്ഞെങ്കിലും ജൂൺ അവസാനത്തോടെ ഹാക്കർ‌മാർ ഡാറ്റ ചോർത്തിയതായി അവകാശപ്പെട്ടുവെന്ന് റിലയൻസ് അറിയിച്ചതായും യോട്ട പറഞ്ഞു. ഹാക്കർമാരുടെ അവകാശവാദം ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, സാങ്കേതിക അന്വേഷണ റിപ്പോർട്ട് റിലയൻസിന് കൈമാറിയതായും അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നതായും യോട്ട അറിയിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ച രേഖകൾ റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം വിതരണം ചെയ്ത ആണവ റിയാക്ടറുകളുടെ പ്രധാന നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ മൂന്നും നാലും യൂണിറ്റുകളിലെ വെന്റിലേഷൻ, കൂളിംഗ് സംവിധാനങ്ങളുടെ ബ്ലൂപ്രിന്റുകളും, 'കോമൺ കൺട്രോൾ റൂം' എന്ന വിഭാഗത്തിന്റെ പൂർണ ഫ്ലോർ പ്ലാനും ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ വിതരണക്കാരുടെ നിർദേശങ്ങൾ, അംഗീകൃത വിതരണക്കാരുടെ പട്ടിക, 2024-ൽ എൻപിസിഐഎല്ലും റിലയൻസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയുടെ രേഖകൾ, ഉപകരണങ്ങളുടെ ചിത്രങ്ങൾ എന്നിവയും പുറത്തുവന്ന രേഖകളിലുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് നാല് യൂണിറ്റുകൾക്ക് നേരെ ഭീകരാക്രമണം സംഭവിച്ചാൽ 112 മില്യൺ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പോളിസിയും എൻപിസിഐഎല്ലും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ചേർന്ന് എടുത്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന രേഖയും ചോർന്നവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തരം വിവരങ്ങൾ ദുരുദ്ദേശ്യത്തോടെ ഉപയോഗിക്കുന്നവരുടെ കൈകളിലെത്തിയാൽ പ്ലാന്റിന്റെ സഹായക സംവിധാനങ്ങൾ, വിതരണ ശൃംഖല, സുരക്ഷാ ദൗർബല്യങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടംകുളം ആണവ നിലയത്തിലെ മൂന്നും നാലും യൂണിറ്റുകളുടെ അടിസ്ഥാനസൗകര്യങ്ങൾ രൂപകൽപന ചെയ്ത് നിർമ്മിക്കാനുള്ള കരാർ 2018-ൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേടിയിരുന്നു. നിർമാണം പുരോഗമിക്കുന്ന ഈ രണ്ട് യൂണിറ്റുകളും 2027-ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ചേർന്ന് 2,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.

മോചനദ്രവ്യം (റാൻസം) നൽകാൻ കമ്പനികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മോഷ്ടിച്ച വിവരങ്ങൾ ഡാർക്ക് വെബിൽ പ്രസിദ്ധീകരിക്കുന്നതാണ് ഇവരുടെ രീതി. പ്രത്യേക ബ്രൗസർ ഉപയോഗിച്ചാണ് ഈ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയുക. നൈക്കും ടാറ്റ ഗ്രൂപ്പും ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളെ മുൻപ് ലക്ഷ്യമിട്ടിരുന്ന റാൻസംവെയർ സംഘമാണ് വേൾഡ് ലീക്സ്. ടാറ്റ ഗ്രൂപ്പിൽ നിന്നു മോഷ്ടിച്ച ഫയലുകൾക്കായി 15 ലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നുവെന്നും, ആവശ്യത്തിന് പ്രതികരിക്കാത്തതിനെ തുടർന്ന് ആപ്പിൾ, ടെസ്‌ല തുടങ്ങിയ കമ്പനികളുടെ രഹസ്യ രൂപകൽപന രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നുവെന്നും വേൾഡ് ലീക്സിനെ ഉദ്ധരിച്ച് കഴിഞ്ഞ ജൂണിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

കൂടംകുളം ആണവ നിലയം സൈബർ സുരക്ഷാ സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2019ൽ ഉത്തരകൊറിയയുമായി ബന്ധമുള്ള ഹാക്കർ സംഘത്തിന്റെ മാൽവെയർ പ്ലാന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് നെറ്റ്‌വർക്കിൽ കണ്ടെത്തിയിരുന്നു. അന്ന് വിഷയം ഉടൻ അന്വേഷിച്ചെന്നും ആണവ നിലയത്തിന്റെ പ്രവർത്തന സംവിധാനങ്ങളെ അത് ബാധിച്ചിട്ടില്ലെന്നുമായിരുന്നു എൻപിസിഐഎൽ വ്യക്തമാക്കിയത്.

Content Highlights: Sensitive files allegedly linked to the Kudankulam Nuclear Power Plant have surfaced on the dark web, raising concerns over cybersecurity, critical infrastructure protection, and the security of India's nuclear facilities.

To advertise here,contact us