'ഇത് സാധാരണ കോച്ചല്ല'; ട്രെയിനിൽ പൂജ നടത്തിയ സംഭവത്തിൽ വിശദീകരണവുമായി റെയിൽവെ

ട്രെയിനിലെ കോച്ചിനുള്ളിൽ തറയിലിരുന്ന് ഒരു പൂജാരി പൂജകൾ ചെയ്യുന്നതും വെള്ള വസ്ത്രധരിച്ച കുറച്ച് ആളുകൾ ചടങ്ങിൽ പങ്കെടുക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്

ന്യൂഡൽഹി: ട്രെയിനിലെ കോച്ച് ഹണിമൂൺ കോച്ചാക്കിയ സംഭവത്തിന് പിന്നാലെ റെയിൽവെ വീണ്ടുമൊരു വിവാദത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് . ഓടുന്ന ട്രെയിനിനുള്ളിലെ കോച്ചിൽ നടന്ന പൂജയാണ് ഇത്തവണ വിമർശനത്തിന് വഴിവെച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് എക്സ് പോസ്റ്റിലൂടെ ഉത്തര റെയിൽവെ വിശദീകരണം നൽകിയത്.

സാധാരണ യാത്ര കോച്ചിലല്ല പൂജ നടന്നതെന്നും സ്വകാര്യമായി ബുക്ക് ചെയ്ത സലൂൺ കാറാണ് ദൃശ്യങ്ങളിലുള്ളതെന്നുമാണ് നോർതേൺ റെയിൽവേയുടെ വിശദീകരണം. ജൂലായ് 8ന് ഐആർടിസിയിലൂടെയാണ് സലൂൺ കോച്ച് ബുക്ക് ചെയ്തത്. അഡ്വാൻസ് പേയ്‌മെന്റായി 3,08,580 രൂപ ലഭിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള പശ്ചിം എക്‌സ്പ്രസിന്റെ വൺവേ സർവീസിലാണ് ഈ കോച്ചുണ്ടായിരുന്നത്. ജൂലായ് 10നായിരുന്നു ട്രെയിൻ സർവീസ് നടത്തിയത്. സലൂൺ കോച്ചിന്റെ കൊമേഷ്യൽ റണ്ണിനായി(പാസഞ്ചർ സർവീസല്ലാത്ത) ഉത്തര റെയിൽവേ അനുമതി നൽകിയിരുന്നുവെന്നും വിശദീകരണത്തിലുണ്ട്.

കൃത്യത, വിശ്വാസ്യത, സുരക്ഷ, യാത്രക്കാരുടെ സൗകര്യം എന്നിവയിൽ റെയിൽവേ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈ സംഭവത്തിൽ ആർക്കും അപകടം ഉണ്ടായിട്ടില്ല. പൂജാരി അഭിഷേകം നടത്തുന്നത് ബുക്ക് ചെയ്യപ്പെട്ട സലൂൺ കാറിലാണ് എന്നും റെയിൽവേയുടെ എക്‌സ് പോസ്റ്റിൽ പറയുന്നുണ്ട്.

വിശദീകരണം വന്നതോടെ ഒരു മുഴുവൻ സലൂൺ കാറും ഇത്തരമൊരു ആവശ്യത്തിനായി ബുക്ക് ചെയ്‌തോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. യാത്രാ കോച്ചാകട്ടെ സലൂൺ കോച്ചാകട്ടെ ഇന്ത്യൻ ട്രെയിനുകളിൽ ഇത്തരം അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറുന്നത് എന്താണെന്നാണ് മറ്റുചിലരുടെ സംശയം.

എക്‌സിലൂടെയാണ് തന്നെയാണ് പൂജ ദൃശ്യങ്ങൾ പ്രചരിച്ചത്. ട്രെയിനിലെ കോച്ചിനുള്ളിൽ തറയിലിരുന്ന് ഒരു പൂജാരി പൂജകൾ ചെയ്യുന്നതും വെള്ള വസ്ത്രധരിച്ച കുറച്ച് ആളുകൾ ചടങ്ങിൽ പങ്കെടുക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് റെയിൽവേ വിശദീകരണം നൽകിയത്.

Content Highlights: Indian Railway clarified that the coach featured in a viral video of a pooja is not a regular passenger coach but a special-purpose coach. The clarification was issued following public discussion over the video shared on social media.

To advertise here,contact us