ജമ്മുകശ്മീരിൽ ഇരട്ട മേഘ വിസ്ഫോടനം; പഹല്‍ഗാമിലും ഷാംഗസിലും മിന്നല്‍ പ്രളയം

രക്ഷാപ്രവര്‍ത്തന- നിരീക്ഷണ സംഘങ്ങളെ പ്രളയബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്

ശ്രീനഗർ: ജമ്മുകശ്മീര്‍ അനന്ത്‌നാഗില്‍ മേഘവിസ്‌ഫോടനം. കനത്ത മഴയെ തുടര്‍ന്ന് പഹല്‍ഗാമിലും ഷാംഗസിലും മിന്നല്‍ പ്രളയം.ഇന്നലെ രാത്രിയോടെയാണ് ഒരു മണിക്കൂര്‍ ഇടവേളയില്‍ ഇരട്ട മേഘവിസ്‌ഫോടനം ഉണ്ടായത്. പഹല്‍ഗാമിലെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും വെള്ളം കയറി. ഷാംഗസില്‍ താഴ്ന്ന പ്രദേശങ്ങളും വയലുകളും വെള്ളത്തിനടിയിലായി. ആളപായം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തന, നിരീക്ഷണ സംഘങ്ങള്‍ പ്രളയബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ നിര്‍മാണത്തിലുള്ള ജലവൈദ്യുത പദ്ധതി നിലയത്തില്‍ മണ്ണും ചെളിയും വന്നടിഞ്ഞു. ട്രക്കുകളും മണ്ണുമാന്തിയും ഉള്‍പ്പെടെയുള്ളവ മണ്ണിനടിയിലായി. ദോഡ കിഷ്ത്വാര്‍ ഹൈവേയില്‍ ചെളിയും കല്ലും നിറഞ്ഞ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മഹാരാഷ്ട്രയില്‍ ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ 13 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പുനെയിലും മഴക്കെടുതി രൂക്ഷമാണ്.

Content Highlights: Twin cloudbursts in Jammu and Kashmir triggered flash floods in Pahalgam and Shangus, causing disruption and raising weather concerns.

To advertise here,contact us