എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കി; നടപടിയുമായി കേന്ദ്രം

കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് തീരുമാനമെടുത്തത്

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം. 22%,25%, 27%, 30% എന്നീ ക്രമത്തില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിനെ ആണ് കേന്ദ്ര എക്‌സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് തീരുമാനമെടുത്തത്. അടിസ്ഥാന എക്സൈസ് ഡ്യൂട്ടിക്ക് പുറമെ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് (AIDC) എന്നിവയും സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ ഇപ്പോഴത്തെ നീക്കം. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എഥനോൾ ചേർത്ത പെട്രോളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനുള്ള നീക്കം രാജ്യം നടത്തുന്നതിനിടെയാണ് എക്സൈസ് നികുതിയിൽ ഇളവ് വരുത്തിയിരിക്കുന്നത്.

അതേസമയം, എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുമ്പോള്‍ മൈലേജ് കുറയുമെന്നായിരുന്നു കണ്ടെത്തല്‍. പെട്രോളിനേക്കാള്‍ ഊര്‍ജ സാന്ദ്രത കുറവാണ് എഥനോളിനെന്നും അതിനാല്‍ മൈലേജില്‍ കുറവ് വരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇതും ഇപ്പോൾ ചർച്ചയാവുകയാണ്.

Content Highlights: Centre Removes Excise Duty On Higher Ethanol Fuel

To advertise here,contact us