ഭോപ്പാല്‍: മധ്യപ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തളളി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചതായി ബിജെപി ആരോപിച്ചിരുന്നു. ഇതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മീനാക്ഷി നടരാജന്റെ പത്രിക തളളിയതോടെ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.
കര്‍ണാടക സ്വദേശിയായ മീനാക്ഷി നടരാജന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിജെപി റിട്ടേണിംഗ് ഓഫീസറെ സമീപിക്കുകയായിരുന്നു. മീനാക്ഷി നടരാജന് അവരുടെ പേരിലുളള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത് നിര്‍ബന്ധിത രേഖയാണെന്നും ബിജെപി ആരോപിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തളളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഖ രംഗത്തെത്തി. മീനാക്ഷി നടരാജനെതിരെ ഒരു ക്രിമിനല്‍ കേസും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവേക് തന്‍ഖയുടെ വാദം.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ നീക്കം നടത്തുകയാണ്. കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തിന് മുന്നിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സച്ചിന് പൈലറ്റ് എന്നിവരും ആസ്ഥാനത്തിന് മുന്നിലെത്തി. എന്നാല്‍ ഇവര്‍ക്ക് അകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ഇല്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Content Highlights: Rajyasabha election rajasthan; Meenakshi Natarajan's nomination for Rajya Sabha elections rejected